കൊച്ചി: താത്കാലികമായി ഫെയ്സ്ബുക്ക് എഴുത്തുകള്‍ക്ക് വിട പറഞ്ഞ് പിന്‍വാങ്ങിയ നാടക- ചലച്ചിത്ര പ്രവര്‍ത്തകനായ ജോയ് മാത്യു മണിക്കൂറുകള്‍ക്കകം വീണ്ടും ഫെയ്സ്ബുക്കില്‍ തിരിച്ചെത്തി. ഇരുപത്തിനാലു മണിക്കൂറിൽ ഞാൻ തോറ്റു തൊപ്പിയിട്ട്‌ തിരിച്ചു വന്നിരിക്കുന്നതായി അറിയിച്ചാണ് അദ്ദേഹത്തിന്റെ മടക്കം.

“രണ്ടു ലക്ഷത്തിൽപ്പരം പേർ. അതിൽ വിമർശകരുണ്ട്‌, അനുകൂലികളും, പ്രതികൂലികളുമുണ്ട്‌. തമാശക്കാരുടെ ഒരു പട തന്നെയുണ്ട്‌. കൂടാതെ കുറച്ച്‌ സ്നേഹ ഭീഷണിക്കാരും ഇത്രയും പേരെ നിരാശപ്പെടുത്തിയാൽ എനിക്ക്‌ ശാപം കിട്ടുമത്രെ. അതിനാൽ ഞാൻ തിരിച്ചുവരുന്നു”, എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.

തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളിയുമായി എത്തിയ കുന്ദന്‍ ചന്ദ്രാവത്തിനെ കണക്കിന് വിമര്‍ശിച്ചാണ് അദ്ദേഹത്തിന്റെ വരവ്. തിരിച്ചുവരാൻ മറ്റൊരു കാരണം കൂടിയുണ്ട്‌. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക്‌ ഒരു വിഡ്ഡി വിലയിട്ടത്‌ വെറും ഒരു കോടി രൂപ !കാര്യം ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമർശിക്കും. തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കും. അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണ്. ഞങ്ങളുടെ അവകാശവുമാണെന്നും ജോയ് മാത്യു പറയുന്നു.

അതൊക്കെക്കണ്ട്‌ ഒരു കോടി രൂപാ സഞ്ചിയിലിട്ട്‌ ഇങ്ങോട്ട്‌ വരണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. മൂന്ന് കോടിജനങ്ങളുടെ ഭരണകർത്താവാണു പിണറായി വിജയൻ എന്ന മുഖ്യമന്ത്രി. തനിക്ക്‌ പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിൽ ഞങ്ങൾ ഒരാൾ ഒരു രൂപാവെച്ച്‌ എടുത്താൽ തന്നെ മൂന്നുകോടി രൂപാ വരും അത്‌ തനിക്ക്‌ തന്നേക്കാം എന്തിനാന്ന് വെച്ചാൽ തന്നെപ്പോലെ തലക്ക്‌ വെളിവില്ലാത്തവരുടെ ചികിൽസാ ഫണ്ടിലേക്കെന്നും ജോയ് പരിഹസിക്കുന്നു.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

ഇരുപത്തിനാലു മണിക്കൂറിൽ
ഞാൻ തോറ്റു തൊപ്പിയിട്ട്‌ തിരിച്ചു വന്നിരിക്കുന്നു
രണ്ടു ലക്ഷത്തിൽപ്പരം പേർ-
അതിൽ വിമർശകരുണ്ട്‌
അനുകൂലികളും
പ്രതികൂലികളുമുണ്ട്‌
തമാശക്കാരുടെ ഒരു പട
തന്നെയുണ്ട്‌
കൂടാതെ
കുറച്ച്‌ സ്നേഹ ഭീഷണിക്കാരും
ഇത്രയും പേരെ
നിരാശപ്പെടുത്തിയാൽ
എനിക്ക്‌ ശാപം
കിട്ടുമത്രെ-
അതിനാൽ ഞാൻ തിരിച്ചുവരുന്നു
തിരിച്ചുവരാൻ മറ്റൊരു കാരണം
കൂടിയുണ്ട്‌
കേരളത്തിന്റെ മുഖ്യമന്ത്രി
പിണറായി വിജയന്റെ തലക്ക്‌
ഒരു വിഡ്ഡി വിലയിട്ടത്‌ വെറും ഒരു കോടി രൂപ !
കാര്യം ഞങ്ങൾ ഞങ്ങളുടെ മുഖ്യമന്ത്രിയെ വിമർശിക്കും
തെറ്റു കണ്ടാൽ ചൂണ്ടിക്കാണിക്കും
അതൊക്കെ ഞങ്ങളുടെ നാടിന്റെ നന്മക്കാണു –
ഞങ്ങളുടെ അവകാശവുമാണു
അതൊക്കെക്കണ്ട്‌
ഒരു കോടി രൂപാ സഞ്ചിയിലിട്ട്‌ ഇങ്ങോട്ട്‌ വരണ്ട കുണ്ടാ-
മൂന്ന് കോടിജനങ്ങളുടെ ഭരണകർത്താവാണു പിണറായി വിജയൻ എന്ന മുഖ്യമന്ത്രി- തനിക്ക്‌
പണത്തിനു ബുദ്ധിമുട്ടുണ്ടെങ്കിൽ
ഞങ്ങൾ ഒരാൾ ഒരു രൂപാവെച്ച്‌ എടുത്താൽ തന്നെ മൂന്നുകോടി രൂപാ വരും അത്‌ തനിക്ക്‌ തന്നേക്കാം എന്തിനാന്ന് വെച്ചാൽ തന്നെപ്പോലെ തലക്ക്‌ വെളിവില്ലാത്തവരുടെ ചികിൽസാ ഫണ്ടിലേക്ക്‌‌-
തലയിൽ ആൾതാമസമുള്ളവരും ഇതേ വിഡ്ഡിയാന്റെ സംഘടനയിലുണ്ടെന്നത്‌
അറിഞ്ഞതിൽ
നമുക്കാശ്വസിക്കാം-
പിണറായി വിജയൻ ഒരു പാർട്ടിയുടെ നേതാവായിരിക്കാം
അതിലുപരി ഞങ്ങൾ മൂന്നുകോടി ജനങ്ങളുടെ രക്ഷിതാവാണു
കുറ്റങ്ങളും
കുറവുകളും കണ്ടേക്കാം
പക്ഷെ
ജനങ്ങളുടെ ഭരണകർത്താവിന്റെ
തലക്ക്‌
വിലയിടുന്നതിനെ പ്രതിപക്ഷ കക്ഷികൾ പോലും അംഗീകരിക്കുമെന്ന് തോന്നുന്നില്ല
അതുകൊണ്ട്‌ എന്റെ കുണ്ടാ ഒരു കോടിയുടെ ആ പരിപ്പുമായി ഇങ്ങോട്ട്‌ ,കേരളത്തിലേക്ക്‌ വരേണ്ടതില്ല

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ