സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ഉത്തരവാദിത്തം സിനിമാ മേഖലയുടെ ചുമലില്‍ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സിനിമ മേഖല ഒരു വ്യവസായം കൂടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

‘എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടിക്കൂടിയാണ് നിങ്ങള്‍ സിനിമ കാണുന്നത്. അതൊരു എന്റര്‍ടെയ്ന്‍മെന്റ് വ്യവസായം ആണ്. എല്ലാ സിനിമയിലും ഒരു സന്ദേശമുണ്ടായിക്കൊള്ളണം എന്ന് ഒരു നിര്‍ബന്ധവുമില്ല. അത് കഥകളും സങ്കല്‍പ്പങ്ങളുമൊക്കെയാണ്. അതിനാല്‍ സമൂഹത്തില്‍ അവബോധം വളര്‍ത്തേണ്ടതും സമൂഹത്തെ നന്നാക്കേണ്ടതും സിനിമാ മേഖലയുടെ മാത്രം ഉത്തരവാദിത്തമാണെന്നു പറയുന്നത് ശരിയല്ല. എന്തുകൊണ്ട് ചിത്രകാരന്മാരോടും, എഴുത്തുകാരോടും, കവികളോടും മറ്റ് കലാകാരന്മാരോടും സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടാത്തത്.’ പ്രിയങ്ക വ്യക്തമാക്കി.

‘ഒരു നിര്‍മ്മാതാവ് എന്ന നിലയ്ക്ക് എല്ലാ സിനിമകളിലും കഥ പറയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ആ കഥയില്‍ ഒരു സന്ദേശം ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കുമെങ്കില്‍ അതും ചെയ്യാറുണ്ട്. എന്നാല്‍ സന്ദേശം നല്‍കാന്‍ വേണ്ടി അതിലേക്ക് തിരുകിക്കയറ്റുന്നതിനോടോ ഒരു സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വെറുതേ ഒരു അവാര്‍ഡിനു വേണ്ടി ദുരുപയോഗപ്പെടുത്താനോ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ പ്രിയങ്ക പറഞ്ഞു.

നവാഗതര്‍ക്ക് അവസരങ്ങള്‍ നല്‍കുക എന്നതാണ് തന്റെ നിര്‍മ്മാണ കമ്പനിയുടെ ഏറ്റവും വലിയ ഉദ്ദേശമെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു. നവാഗത സംവിധായകര്‍, പാട്ടുകാര്‍, അഭിനേതാക്കള്‍ എന്നിവരാണ് തന്റെ സിനിമകളില്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതെന്നും, താന്‍ സിനിമയില്‍ വന്നപ്പോള്‍ അത്തരത്തിലൊരു പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നെന്നും പ്രിയങ്ക തുറന്നു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ