വെള്ളിയാഴ്ച പുലര്‍ച്ചെ തിരിച്ച് തന്റെ നാട്ടിലേക്ക് കയറും മുമ്പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബോളിവുഡ് താരങ്ങളെ കണ്ടു. കാണുക മാത്രമല്ല, ഓസ്‌കാര്‍ സ്‌റ്റൈലില്‍ ഒരു സെല്‍ഫിയുമെടുത്തു. നെതന്യാഹുവിന്റെ തന്നെ നിര്‍ദ്ദേശപ്രകാരം ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി സാക്ഷാല്‍ അമിതാഭ് ബച്ചനായിരുന്നു സെല്‍ഫി എടുത്തത്.

‘ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ഓരോ ഇന്ത്യക്കാരും ഓരോ ഇസ്രയേലികളും അറിഞ്ഞിരിക്കണം. ഓസ്‌കാര്‍ വേദിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു മുമ്പ് ഏറ്റവും വൈറലായിരുന്നത്. അന്ന് ബ്രാഡ് പിറ്റ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നു. അതിനാല്‍ എല്ലാ ബോളിവുഡ് സെലിബ്രിറ്റികളും നിര്‍മ്മാതാക്കളും എല്ലാവരും ഒരുമിച്ച് നിന്നൊരു സെല്‍ഫിയെടുക്കാം. ഈ സൗഹൃദം ജനകോടികള്‍ കാണട്ടെ.’ നെതന്യാഹു പറഞ്ഞു.

താരങ്ങള്‍ക്കും ആ ആശയത്തോട് യോജിപ്പായിരുന്നു. കൂട്ടത്തില്‍ ഏറ്റവും ഉയരമുള്ള അമിതാഭ് ബച്ചന്‍ തന്നെ സെല്‍ഫി പിടിത്തത്തിന് മുന്‍കൈയ്യെടുത്തു. ശേഷം ഈ സെലിബ്രിറ്റി സെല്‍ഫി നെതന്യാഹു തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ഷെയര്‍ ചെയ്തു.

‘എന്റെ ബെസ്റ്റ് സെല്‍ഫി’ എന്നാണ് ഈ ചിത്രത്തെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞത്. ചിത്രത്തില്‍ അമിതാഭ് ബച്ചനെ കൂടാതെ അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്,കരണ്‍ ജോഹര്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു.

ശാലോം ബോളിവുഡ് എന്ന പേരില്‍ നടത്തിയ പരിപാടിയുടെ ഉദ്ദേശം കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ ഇസ്രയേലിലേക്ക് എത്തിക്കുക, അവിടെ ചിത്രീകരണം നടത്തുക എന്നതെല്ലാമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ