രാജ്യാന്തര ചലച്ചിത്ര മേളയുടെ അനുഭവങ്ങളില്‍ പ്രധാനപ്പെട്ട സ്ഥാനമുണ്ട് ‘സിഗ്നേച്ചർ ഫിലിം’ എന്ന സിനിമയ്ക്ക് മുന്‍പ് കാണിക്കുന്ന ദൃശ്യശകലത്തിന്. മേളയുടെ പ്രമേയവും സ്വഭാവവും പ്രതിഫലിപ്പിക്കുക എന്ന ലക്ഷ്യത്തോട് കൂടിയുള്ള ഈ ആവിഷ്കാരം ഇത്രയും കാലത്തിനിടയിൽ അഭിനന്ദനങ്ങളും അവഹേളനങ്ങളും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവയും മറക്കാന്‍ ആഗ്രഹിക്കുന്നവയുമുണ്ട് സിഗ്നേച്ചർ ഫിലിമുകളുടെ കൂട്ടത്തിലെങ്കിലും മേളയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് എന്നും കേളികൊട്ടാവുന്നത് സിഗ്നേച്ചർ ഫിലിം തന്നെ.

മേളയുടെ ഇരുപത്തി രണ്ടാം പതിപ്പിന്‍റെ സിഗ്നേച്ചർ ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് ടി കെ രാജീവ്‌ കുമാറാണ്. ‘സെന്റിമെന്റല്‍ സെല്ലുലോയിഡ്’ എന്നാണു ചിത്രത്തിന്‍റെ പേര്. രാജ്യാന്തര ചലച്ചിത്ര മേളയെ ഈ പ്രശസ്തിയിലേക്ക് എത്താൻ സഹായിച്ച പ്രേക്ഷകരോടുള്ള ബഹുമാന സൂചകമായിട്ടാണ് ഇത്തവണത്തെ സിഗ്നേച്ചർ ഫിലിം വിഭാവനം ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

‘ജന പങ്കാളിത്തമാണ് നമ്മുടെ മേളയുടെ സവിശേഷത. അതിനോട് നീതി പുലർത്തുകയും ആദരവ് കാണിക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്തവണത്തെ സിഗ്നേച്ചർ ഫിലിം. ഒരു മാസ്റ്റർ സംവിധായകനും ഇത്രയും മികച്ച പ്രേക്ഷകരെ സ്വന്തം രാജ്യത്തു പോലും കിട്ടുമെന്ന് തോന്നുന്നില്ല. അത്തരത്തിലുള്ള ഒരു സ്വീകരണമാണ് നമ്മള്‍ ലോക സിനിമയ്ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. കിം കി ഡുക്കിന് ഇവിടെ ലഭിച്ച പരിഗണന തന്നെ അതിന് ഉദാഹരണമാണ്. കാരണം സിനിമ എന്ന മാധ്യമം മലയാളി അത്രത്തോളം നെഞ്ചേറ്റുന്ന ഒന്നാണ്. മേളയെ ഇന്നീക്കാണുന്ന വിജയത്തിലേക്ക് എത്തിച്ച, മലയാളി പ്രേക്ഷനുള്ള സമര്‍പ്പണമാണ് ഈ ചെറു ചിത്രം.’

സെന്റിമെന്റല്‍ സെല്ലുലോയിഡ്

മേളയുടെ നിലപാടുകൾ, ലോഗോ അല്ലെങ്കിൽ ഓരോ വർഷത്തേയും വ്യത്യസ്തമായ പ്രമേയങ്ങൾ, ഇതൊക്കെയാണ് സിഗ്നേച്ചർ ഫിലിമുകളിലൂടെ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മേളയുടെ ആശയത്തിന്‍റെ വിപുലീകരണമായിട്ട് സിഗ്നേച്ചർ ഫിലിമുകളെ കാണാം.

‘നമ്മുടെ മേളയുടെ പൊതുവെയുള്ള ഘടനയിൽ വ്യത്യാസം ഇല്ലാത്തതിനാൽ സിഗ്നേച്ചർ ഫിലിം ചെയ്യുന്നത് സംബന്ധിച്ചുള്ള ഒരു വെല്ലുവിളി തന്നെയാണ്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും ഭിന്നമായി മേളയുടെ ഉള്ളടക്കമോ നിലാപാടോ ഒന്നും മാറുന്നില്ല, അതൊരു പരിമിതിയാണ്. എങ്കിലും ഓരോ വര്‍ഷവും സിഗ്നേച്ചർ ഫിലിമുകളില്‍ പുതുമ കൊണ്ട് വരാന്‍ നമുക്ക് ഒരളവ് വരെ സാധിച്ചിട്ടുണ്ട്.

സെന്റിമെന്റല്‍ സെല്ലുലോയിഡ്

സിനിമയോടുള്ള അഭിനിവേശവും അവബോധവും ആസ്വാദന പാടവവും തനതായ വിമർശന സ്വഭാവവും കൊണ്ട് സിഗ്നേച്ചർ ഫിലിമിനെ മലയാളി ഒരു കലയായി തന്നെ വളർത്തി കൊണ്ടു വരികയായിരുന്നു.

‘ഇവിടെ മാത്രമാണ് സിഗ്നേച്ചർ ഫിലിമുകൾ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഞാന്‍ ധാരാളം മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും സിഗ്നേച്ചർ ഫിലിമുകൾ ചര്‍ച്ചയാവുന്നത് കണ്ടിട്ടില്ല. ഇവിടെ ഇങ്ങനെയൊരു ചര്‍ച്ച നടക്കുന്നത് നല്ല കാര്യമായിട്ടാണ്‌ ഞാന്‍ കരുതുന്നത്. മലയാളികള്‍ക്ക് സിനിമയോടുള്ള പാഷന്‍ ആണ് ഇവിടെയും നമുക്ക് കാണാന്‍ കഴിയുക. ദൃശ്യ കലയോട് താല്‍പര്യവും അഭിനിവേശവുമുള്ള ഒരു സമൂഹത്തില്‍ ഇത്തരം ചര്‍ച്ചകള്‍ സ്വാഭാവികമാണ് എന്നും ഞാന്‍ കരുതുന്നു.’, സിഗ്നേച്ചർ ഫിലിമിനെക്കുറിച്ച് രാജ്യാന്തര ചലച്ചിത്ര മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായ ബീന പോൾ വേണുഗോപാൽ പറഞ്ഞതിങ്ങനെ.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെടുന്ന സിഗ്നേച്ചർ ഫിലിമുകളുടെ പ്രമേയപരവും കലാപരവുമായ കാര്യങ്ങളിൽ മാർഗ്ഗനിർദേശങ്ങൾ നൽകുന്നതല്ലാതെ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ അക്കാദമി ഇടപെടാറില്ലെന്നും ബീന പറയുന്നു.

 

സിഗ്നേച്ചർ ഫിലിമുകളുടെ വിഷയങ്ങൾ പ്രധാനമായും കേരളത്തിന്‍റെ ദൃശ്യ-സംസ്കാരം സിനിമ-ചരിത്രം എന്നിവയെ കേന്ദ്രീകരിച്ചു തന്നെയാണ്. ആവിഷ്കരണ രീതി സംവിധായകന്‍റെ അഭിരുചിക്കനുസരിച്ചു വ്യത്യസ്തമായിരിക്കും. ജി അരവിന്ദൻ തുടങ്ങി ഷാജി എൻ കരുൺ, ലെനിൻ രാജേന്ദ്രൻ, വി കെ പ്രകാശ്, രാജീവ് മേനോൻ, വിപിൻ വിജയ്, വി ആർ ഗോപിനാഥ്, സഞ്ജു സുരേന്ദ്രന്‍, ആര്‍ മനോജ്‌ ചിത്രകാരനും അനിമേറ്ററുമായ എ എസ് സജിത് എന്നിവരൊക്കെ വൈവിധ്യമാർന്ന സിഗ്നേച്ചർ ഫിലിമുകൾ മേളയ്ക്ക് നല്‍കിയിട്ടുണ്ട്.

പ്രധാന മോട്ടിഫുകളെ കേന്ദ്രികരിച്ചുള്ളതല്ലാതെ, സിനിമയുടെ പിറവി, ക്ലാസിക് സിനിമകളിലെ അവിസ്മരണീയ മുഹൂർത്തങ്ങളുടെ പുനരാവിഷ്കരണം, ഫിലിമിന്‍റെ ഡിജിറ്റലിലേക്കുള്ള പരിണാമം എന്നിങ്ങനെ വ്യത്യസ്‌തമായ വിഷയങ്ങളെ അടിസ്ഥാനമാക്കിയും സിഗ്നേച്ചർ ഫിലിമുകൾ ഉണ്ടായിട്ടുണ്ട്.

അപൂര്‍വ്വമായെങ്കിലും പരീക്ഷണാർത്ഥമായുള്ള സിഗ്നേച്ചർ ഫിലിമുകൾ സംവിധാനം ചെയ്തവരുണ്ട്‌. വിപിൻ വിജയന്‍റെ ‘ബ്രോക്കൺ ഗ്ലാസ്’ പോലെ. മേളയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റു വാങ്ങിയ സിഗ്നേച്ചർ ഫിലിം ഒരു പക്ഷെ ഇതായിരിക്കും. ഇതില്‍ അവലംബിച്ച ഉത്തരാധുനിക സമീപനം, മലയാളിയുടെ സാമാന്യ ബോധത്തെ ഭേദിച്ചതാവും കാരണം എന്ന് കരുതേണ്ടി വരും.

 

സിഗ്നേച്ചർ ഫിലിമിന്‍റെ ഘടന എന്തു തന്നെയായാലും മേളയുടെ ചിഹ്നങ്ങളായ തോൽപ്പാവക്കൂത്തും ചകോരവും അതിൽ ഉൾപ്പെടുത്തിയിരിക്കും.  നിഴൽക്കൂത്തിലെ കഥാഖ്യാനത്തിനായി ഉപയോഗിക്കുന്ന പാവയുടെ ചിഹ്നം ജി അരവിന്ദൻ രൂപ കല്പന ചെയ്തു വരച്ചതാണ്.  കഥപറയുവാനുള്ള മനുഷ്യന്‍റെ മോഹത്തെ ആഘോഷിക്കുന്ന കലയെയാണ് ഇതിലൂടെ പ്രകീർത്തിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ലോഗോ കൂടിയായ പറക്കുന്ന ചകോരം കുതിച്ചുയരുന്ന സിനിമയുടെ സർഗ്ഗശേഷിയെ സൂചിപ്പിക്കുന്നു.

അരവിന്ദൻ വരച്ച ചിത്രത്തിന് ആനിമേഷൻ ചെയ്തത് എൻ പി പ്രകാശാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ നിരവധി വിദ്യാർത്ഥികളും ഇതിൽ സഹകരിച്ചിരുന്നു. ഷാജി എൻ കരുൺ രൂപ കല്പന ചെയ്തതാണ് ചകോരം. ‘വെളിച്ചം തിന്നുന്ന പക്ഷി’ എന്ന് സൗന്ദര്യ ലഹരിയില്‍ പറയുന്ന ഈ പക്ഷിയാണ് രാജ്യാന്തര ചലച്ചിത്ര മേളയുടെ പുരസ്കാരങ്ങളായ സുവര്‍ണ്ണ ചകോരം, രജത ചകോരം എന്നിവയിലും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ