കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തെ വരവേല്‍ക്കാന്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലോകോത്തര നിലവാരത്തിലുള്ള തുറന്ന വേദിയില്‍ ഇത്തവണ ഡെലിഗേറ്റുകള്‍ക്ക് സിനിമകള്‍ ആസ്വദിക്കാനാകും. 2500 പേര്‍ക്കുള്ള ഇരിപ്പിടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.

മേളയുടെ ഭാഗമായി നിശാഗന്ധിയിൽ ബാർകോയുടെ പുതിയ സാങ്കേതികവിദ്യയായ ലേസർ ഫോസ്ഫർ പ്രൊജക്ഷനാണ് ഒരുക്കിയിരിക്കുന്നത്.

‘ഇത്തരമൊരു പ്രൊജക്ഷൻ കേരളത്തിൽ സജ്ജീകരിക്കുന്നത് ഇതാദ്യമായാണ്. പുതിയൊരു കാഴ്ചാനുഭവം നൽകുന്നതിനായാണിത്. ബാര്‍ക്കോ ഇലക്‌ട്രോണിക്സ്‌ ആണ് ഈ നൂതന സംവിധാനം കൊണ്ട് വന്നിരിക്കുന്നത്. ഇതേ ഗുണനിലവാരത്തിലുള്ള പുതിയ സ്ക്രീനും ഉപയോഗിക്കും’ മേളയുടെ ടെക്നിക്കൽ മാനേജറായ ഗോപീകൃഷ്ണൻ പറയുന്നു.

ഉദ്ഘാടന ചിത്രമുള്‍പ്പെടെയുള്ള മേളയിലെ ജനപ്രിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വേദിയെക്കുറിച്ച് സ്ഥിരം ഉയരുന്ന പരാതി അവിടുത്തെ ശബ്ദവിതാനത്തെച്ചൊല്ലിയാണ്. ഓപ്പണ്‍ എയര്‍ ആയതു കാരണം ശബ്ദവിന്യാസത്തില്‍ അപാകതകള്‍ അനുഭവപ്പെടാറുണ്ട് നിശാഗന്ധിയില്‍.

‘അതും ഒരളവു വരെ കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശബ്ദാനുഭവത്തിന് കുറവ് വരാത്ത വണ്ണം സ്പീക്കറും ഡോള്‍ബി സിസ്റ്റവും ഒരുക്കിയിട്ടുണ്ട്, അതുകൊണ്ട് ഇത്തവണ അതിനും മാറ്റമുണ്ടാകും എന്ന് കരുതുന്നു.’

ദിവസവും മൂന്നു പ്രദര്‍ശനമാണ് നിശാഗന്ധിയില്‍. മേളയുടെ ചരിത്രത്തിലാദ്യമായി അര്‍ദ്ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്തോനേഷ്യന്‍ ഹോറര്‍ ചിത്രം സാത്താന്‍സ് സ്ലേവ് ഇവിടെയാണ്‌ പ്രദര്‍ശിപ്പിക്കുക. മേളയുടെ നാലാം ദിവസം രാത്രി 12 മണിക്കാണ് ഈ ചിത്രം. മേളയുടെ സമാപന ചടങ്ങുകളും നിശാഗന്ധിയില്‍ തന്നെയാണ്.

Gopeekrishnan

മേളയുടെ ടെക്നിക്കല്‍ മാനേജര്‍ ഗോപീകൃഷ്ണന്‍

“പ്രദര്‍ശനത്തിനുള്ള സിനിമകൾ വരുന്നത് ഡിസിപി കണ്ടെന്റ് ആയിട്ടാണ്. അവ 2 കെ റെസല്യൂഷൻ ഡിസ്‌പ്ലേ ആയിരിക്കും. തിരുവനന്തപുരത്തെ എല്ലാ തിയേറ്ററുകളിലും ആ സൗകര്യം ഇല്ലാത്തതുകൊണ്ട് ഞങ്ങൾ QUBE ടെക്നോളജിയുമായി ചേർന്ന് ഇല്ലാത്ത സ്ഥലങ്ങളിലൊക്കെ സിനിമ എത്തിച്ചു കൊടുക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. QUBE സാങ്കേതിക വിദഗ്‌ധർ ഓരോ സിനിമയും പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് തിയേറ്ററുകളിലേക്ക് ലോഡ് ചെയ്യുന്നത്. ഇതിന്‍റെ പ്രവർത്തനം ഒരാഴ്ച മുമ്പ് തന്നെ ആരംഭിച്ചിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യാന്തര ചലച്ചിത്രമേളയുടെ ആദ്യദിനമായ ഇന്ന് (ഡിസംബര്‍ 8) ഉദ്ഘാടന ചിത്രം സിയാദ് ദൗയിരിയുടെ ദി ഇന്‍സള്‍ട്ട് ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അഞ്ച് തിയേറ്ററുകളിലായി റെട്രോസ്‌പെക്ടീവ്, കണ്ടംപററി, ലോക സിനിമാ വിഭാഗങ്ങളിലുള്ള സിനിമകളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. അലക്‌സാണ്ടര്‍ സുകുറോവിന്റെ ഫ്രാങ്കോ ഫോനിയ, മഹ്മല്‍ സലെ ഹാറൂണിന്റെ ഡ്രൈ സീസണ്‍ എന്നിവയാണ് റെട്രോസ്‌പെക്ടീവ്, കണ്ടംപററി വിഭാഗങ്ങളില്‍ നിന്നായി ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ എന്നീ തിയേറ്ററുകളിലായി 13 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുക.

സമൂഹത്തിന്റെ അടിസ്ഥാനപരമായ വിലക്കുകള്‍ക്കെതിരെ പോരാടാന്‍ തുനിയുന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന സദഫ് ഫറോഖിയുടെ ഇറാനിയന്‍ ചിത്രം ആവ, തെരേസ വില്ലവെയര്‍ദയുടെ പോര്‍ച്ചുഗല്‍ ചിത്രം കോളോ, അലി മുഹമ്മദ് ഖസേമിയുടെ ഇറാനിയന്‍ ചിത്രം ഡോഗ്‌സ് ആന്റ് ഫൂള്‍സ്, വിശുദ്ധ നാട്ടില്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ – അറബ് ന്യൂനപക്ഷ വംശജരുടെ കഥ പറയുന്ന ഷാദി സ്രോറിന്റെ ഇസ്രായേലി ചിത്രം ഹോളി എയര്‍, പൗലോ തവിയാനി, വിറ്റോറിയോ തവിയാനി എന്നിവരുടെ ഇറ്റാലിയന്‍ ചിത്രം റെയിന്‍ബോ എ പ്രൈവറ്റ് അഫയര്‍, ദുര്‍മന്ത്രവാദിനിയായി മുദ്രകുത്തപ്പെട്ട 8 വയസുകാരി ഷുലയുടെ കഥ പറയുന്ന റുങ്കാനോ നയോനിയുടെ ബ്രിട്ടീഷ് ചിത്രം ഐ ആം നോട്ട് എ വിച്ച്, കാലിന്‍ പീറ്റര്‍ നെറ്റ്‌സെറിന്റെ റുമേനിയന്‍ ചിത്രം അന, മോണ്‍ ആമോര്‍ സാം വൗറ്റസിന്റെ ചൈനീസ് ചിത്രം കിങ് ഓഫ് പെക്കിങ്, സിനിമയ്ക്കുള്ളിലെ സിനിമയുടേയും സംവിധായികയായ ഇറാനിയന്‍ സ്ത്രീയുടെയും കഥ പറയുന്ന ഷിറിന്‍ നെഷത്ത്, ഷോജ അസറി എന്നിവരുടെ ജര്‍മ്മന്‍ചിത്രം ലുക്കിംഗ് ഫോര്‍ ഔം കുല്‍ത്തും, സോഫിയ ഡാമയുടെ ഫ്രഞ്ച് ചിത്രം ദ ബ്ലസ്ഡ്, ജോനല്‍ കോസ്‌കുള്വേലയുടെ ക്യൂബന്‍ ചിത്രം എസ്തബന്‍, ജോസ് മരിയ കാബ്രലിന്റെ ഡൊമിനിക്കന്‍ റിപ്പബ്ലിക് ചിത്രം വുഡ് പെക്കേഴ്‌സ്, റെയ്‌നര്‍ സാമറ്റിന്റെ എസ്റ്റോണിയന്‍ ചിത്രം നവംബര്‍ എന്നിവയാണ് ലോക സിനിമാവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ