ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ബംഗാളി നടി മാധബി മുഖര്‍ജിയും പ്രകാശ് രാജും മുഖ്യാഥിതികളാകും.  സത്യജിത് റേ ചിത്രങ്ങളില്‍ ഉള്‍പ്പെടെ അനേകം അവിസ്മരണീയ വേഷങ്ങള്‍ തിരശീലയില്‍ എത്തിച്ച മികച്ച നടിയാണ് മാധബി മുഖര്‍ജീ.  റേയുടെ ചാരുലത, ഘട്ടക്കിന്റെ സുബര്‍ണ്ണ രേഖ, ഋതുപര്‍ണ്ണ ഘോഷിന്‍റെ ഉത്സബ്  എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

അഭിനയം കൊണ്ട് മാത്രമല്ല നിലപാടുകള്‍ കൊണ്ടും മികവിന്‍റെ മാനദണ്ഡങ്ങള്‍ തിരുത്തിയെഴുതുന്ന തെന്നിന്ത്യന്‍ കലാകാരനാണ് പ്രകാശ് രാജ്.  നൂറോളം ചിത്രങ്ങളില്‍ വേഷമിട്ട പ്രകാശ് രാജ്  നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ‘ഒടിയന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു.

Press meet1

സിബി മലയില്‍, കമല്‍, എ കെ ബാലന്‍, ബീനാ പോള്‍, മഹേഷ്‌ പഞ്ചു

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മേളയുടെ ഉദ്ഘാടന ചടങ്ങും മറ്റു സാംസ്കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട് എങ്കിലും സിനിമാ പ്രദര്‍ശനങ്ങള്‍ മാറ്റമില്ലാതെ തുടരുമെന്ന് മന്ത്രി എ.കെ. ബാലനും കേരള ചലച്ചിത്ര അക്കാദമി ഭാരവാഹികളും ഇന്ന്  പത്ര സമ്മേളനത്തില്‍ അറിയിച്ചു.

65 രാജ്യങ്ങളില്‍നിന്നായി 190 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇവയില്‍ 40 ഓളം ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനമാണ് മേളയുടെ വേദിയില്‍ നടക്കുക. കലാഭവന്‍, കൈരളി, ശ്രീ, നിള, ധന്യ, രമ്യ, ന്യൂ തിയേറ്റര്‍ – സ്ക്രീന്‍ 1, സ്ക്രീന്‍ 2, സ്ക്രീന്‍ 3, ടാഗോര്‍, ശ്രീപത്മനാഭ, അജന്ത, നിശാഗന്ധി, കൃപ, ഏരീസ് പ്ലക്സ് എന്നിങ്ങനെ 15 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. ഏരീസ് പ്ലക്സില്‍ ജൂറിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള പ്രദര്‍ശനങ്ങളാണ്. എല്ലാ തിയേറ്ററുകളിലുമായി ആകെ 8848 സീറ്റുകളാണുള്ളത്.

11,000 പാസുകളാണ് ഇത്തവണ നല്‍കിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 10000 പാസുകളാണ് അനുവദിച്ചിരുന്നത്. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നല്‍കിയത്. എന്നാല്‍ മേളയിലെ പതിവു പ്രതിനിധികളില്‍ പലര്‍ക്കും പാസു കിട്ടിയില്ലെന്ന പരാതി പരിഗണിച്ച് 1000 പാസുകള്‍ കൂടി ഡിസംബര്‍ 5ന് അനുവദിക്കുകയുണ്ടായി. 800 സീറ്റുകളുള്ള അജന്ത തിയേറ്റര്‍ കൂടി ലഭ്യമായതുകൊണ്ടാണ് ആയിരം സീറ്റ് വർധിപ്പിക്കാന്‍ കഴിഞ്ഞത്. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ പാസുകളുടെ വിതരണം ഇന്നാരംഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസുകള്‍ ഡിസംബര്‍ ഏഴു മുതല്‍ വിതരണം ചെയ്യും.

Delegate Cell

ടാഗോര്‍ തിയേറ്ററില്‍ ആരംഭിച്ച മേളയുടെ ഡെലിഗേറ്റ് സെല്‍ പരിസരത്ത് സംവിധായകരായ കമല്‍, ഹരികുമാര്‍, സിബി മലയില്‍ എന്നിവര്‍

ഫെസ്റ്റിവെലിലെ പ്രധാന ചിത്രങ്ങള്‍ 2500 സീറ്റ്‌ ഉള്ള നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. ദിവസവും മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. മത്സരവിഭാഗം ചിത്രങ്ങള്‍ വലിയ തിയേറ്ററുകളായ ടാഗോര്‍, അജന്ത, ധന്യ, രമ്യ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. തിയേറ്ററുകളില്‍ പതിവുപോലെ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 60 ശതമാനം സീറ്റുകള്‍ റിസര്‍വു ചെയ്യാം. അംഗപരിമിതരെയും 70 വയസ്സുകഴിഞ്ഞവരെയും (സീനിയര്‍ സിറ്റിസണ്‍) ക്യൂവില്‍ നിര്‍ത്താതെ പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാന്‍ പ്രത്യേക സ്ഥലം ലഭ്യതക്കനുസരിച്ച് അനുവദിക്കും.

മേളയോടനുബന്ധിച്ച് ‘തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കും. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും.

ചലച്ചിത്ര സംവിധായകരാവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ഡിസംബർ 12, 13 തീയതികളിലായി ദ്വിദിന ശില്പശാലയും സംഘടിപ്പിക്കുന്നുണ്ട്. കലാസാംസ്കാരിക രംഗങ്ങളിലെ വിമത ശബ്ദങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് വിവിധ മേഖലകളിൽ നിന്നുള്ളവർ സംസാരിക്കുന്ന ‘ട്രഡീഷൻ ഓഫ് ഡിസെൻറ്’ എന്ന സംവാദവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ