കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനോടനുബന്ധിച്ചു ‘തത്സമയ ശബ്ദലേഖനം നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ശില്പശാല മേള തുടങ്ങും മുന്‍പ് തന്നെ വിവാദത്തില്‍. ശില്പശാലയില്‍ പങ്കെടുക്കുന്നവരെ ചൊല്ലിയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയെക്കൂടാതെ ബിശ്വദീപ് ചാറ്റർജിയും അന്‍വര്‍ റഷീദുമാണ് ഇതില്‍ പങ്കെടുക്കുന്നത്. ഒരു സിനിമപോലും പൂര്‍ണ്ണമായി ‘സിങ്ക് സൗണ്ട്’ ഉപയോഗിച്ച് ചെയ്തിട്ടിലാത്ത അന്‍വറിനെ പങ്കെടുപ്പിക്കുന്നത് എന്തടിസ്ഥാനത്തിലാണ് എന്നാണ് ബിജുവിന്‍റെ. അതും പൂര്‍ണ്ണമായും ‘സിങ്ക് സൗണ്ടി’ല്‍ ശബ്ദലേഖനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിടുള്ള മറ്റു സംവിധായകര്‍ ഇവിടെയുള്ളപ്പോള്‍. ഇത് കൂടാതെ സൗണ്ട് ഡിസൈനിംഗ് രംഗത്ത് ദേശീയ പുരസ്കാരം നേടിയ ജയദേവൻ ചക്കാടത്ത്, രാധാകൃഷന്‍ തുടങ്ങിയവരെ ഒഴിവാക്കിയതിലും ഡോ ബിജു പ്രതിഷേധിച്ചു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഫെസ്റ്റിവല്‍ നടത്തുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തലുമുണ്ട്. ഡോ ബിജുവിന്‍റെ കുറിപ്പ് വായിക്കാം.

‘പ്രിയപ്പെട്ട ചലച്ചിത്ര അക്കാദമി , ഇങ്ങനെ കൂടെക്കൂടെ വിമർശനങ്ങൾ എഴുതിക്കാൻ ഇനിയും നിര്ബന്ധിതമാക്കരുത് ..ഇതൊക്കെ പറയേണ്ടത് ഉണ്ട് എന്നത് കൊണ്ട് പറയാതെ വയ്യ എന്നതിനാൽ മാത്രം പറയട്ടെ. ഇത്തവണ അക്കാദമി സിങ്ക് സൗണ്ട് എന്ന വിഷയത്തിൽ ഒരു സെമിനാർ നടത്തുന്നതായി കണ്ടു. റസൂൽ പൂക്കുട്ടിയും ബിശ്വദീപ് ചാറ്റർജിയും പങ്കെടുക്കുന്ന സെമിനാറിൽ മലയാളത്തിൽ നിന്നും പങ്കെടുക്കുന്നത് ഒരു മുഖ്യധാരാ സംവിധായകൻ ആണ്. അക്കാദമി എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിൽ ആണ് സിങ്ക് സൗണ്ടിന്റെ സെമിനാറിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നത് എന്ന് വ്യക്തമാക്കണം. ഒരു സിനിമ പോലും പൂർണ്ണമായി അദ്ദേഹം സിങ്ക് സൗണ്ട് ഉപയോഗിച്ചു ചെയ്തതായി അറിവില്ല. പിന്നെ എന്താണ് ഈ സെമിനാറിൽ അദ്ദേഹം പങ്കെടുക്കുന്നതിന്റെ യോഗ്യത. മലയാളത്തിൽ 5 സിനിമകളോളം പൂർണ്ണമായും സിങ്ക് സൗണ്ട് ചെയ്ത 3 സംവിധായകർ ഉണ്ട് . അവർ ആ സെമിനാറിൽ ഇല്ല. മലയാളത്തിൽ നിന്നും റസൂൽ പൂക്കുട്ടിക്ക് ശേഷം സൗണ്ട് ഡിസൈനിങ്ങിൽ ദേശീയ പുരസ്‌കാരം നേടിയ സൗണ്ട് ഡിസൈനർ ജയദേവൻ ചക്കാടത്തിന് ആ സെമിനാറിൽ ഇടമില്ല. മലയാളത്തിൽ നിന്നും ലൊക്കേഷൻ സിങ്ക് സൗണ്ടിനു ദേശീയ പുരസ്‌കാരം നേടിയ രാധാകൃഷ്ണന് ആ സെമിനാറിൽ ഇടമില്ല..ഇടമുള്ളത് പൂർണ്ണമായും സിങ്ക് സൗണ്ട് ഉപയോഗിച്ചു ഒരു സിനിമ പോലും ഇതേവരെ സംവിധാനം ചെയ്തിട്ടില്ലാത്ത ഒരു മുഖ്യധാരാ സംവിധായകൻ..ഇതൊക്കെ എന്തോന്ന് അക്കാദമി….ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഇത് ഇങ്ങനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെ സ്വജന പക്ഷപാതം ആക്കുന്നതിന് ഒരു പരിധി ഒക്കെ വേണ്ടേ…..’

ഫേസ്ബുക്കിലെ ഡോ ബിജുവിന്‍റെ ഈ അഭിപ്രായത്തോട് യോജിച്ചു കൊണ്ട് മലയാള സിനിമയിലെ സംവിധായകരും ശബ്ദലേഖകന്മാരും രംഗത്ത് വന്നിട്ടുണ്ട്.

‘1989 ഇൽ വാസ്തുഹാര സിങ്ക് സൌണ്ട് മുതൽ മിക്സ് വരെ ചെയ്തയാളാണ് ഞാൻ. ഞാൻ എന്തായാലും ഈ സെമിനാർ അറ്റൻഡ് ചെയ്യുന്നുണ്ട്. CAAK എന്ന ശബ്ദലേഖകരുടെ ഫെഫ്ക അസോസിയേഷനെ അറിയിച്ചിട്ടില്ലെങ്കിൽ കൂടി’, എന്ന് മുതിര്‍ന്ന ശബ്ദലേഖകനായ കൃഷ്ണന്‍ ഉണ്ണി പറയുന്നു.

‘സിങ്ക് സൗണ്ടിന് ജീവിതം ഉഴിഞ്ഞു വച്ച ഒരു റിക്കോർഡിസ്റ്റ് തിരുവനന്തപുരത്ത് പട്ടത്ത് താമസിക്കുന്നുണ്ട് . അദ്ദേഹത്തെ എങ്കിലും വിളിക്കാമായിരുന്നു’, എന്ന് ‘കന്യകാ ടാക്കീസ്’ സംവിധായകന്‍ കെ ആര്‍ മനോജ്‌ അഭിപ്രായം പ്രകടിപ്പിച്ചു. ‘കാ ബോഡിസ്കെപ്സ്’, ‘കന്യക ടാക്കീസ്’, ;’സംസാര’, ‘മഞ്ചാടിക്കുരു’ എന്നിവയുടെ ശബ്ധലേഖകനാണ് തിരുവനന്തപുരത്ത് പട്ടത്ത് താമസിക്കുന്ന ഹരികുമാര്‍ മാധവന്‍ നായര്‍.

അന്‍വര്‍ റഷീദിന്‍റെ അടുത്ത ചിത്രത്തിന് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദലേഖനം നിര്‍വ്വഹിക്കുന്നത് എന്നും അതിനൊരു പ്രീ (ഫ്രീ) പബ്ലിസിറ്റിയാവും ഈ ഇടം എന്നും ഡോ ബിജു കൂട്ടിച്ചേര്‍ക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ