ന്യൂഡല്‍ഹി: 48-ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേള ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ സംവിധായകന്‍ സുജോയ് ഘോഷ് ജൂറി അധ്യക്ഷസ്ഥാനം രാജിവച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിനിമയ- പ്രക്ഷേപണ മന്ത്രാലയം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സുജോയ് ഘോഷിന്റെ രാജി.

സുജോയ് ഘോഷ് അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് ഇന്ത്യന്‍ പനോരമയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. വിഷയത്തില്‍ ഇതുവരെ സുജോയ് ഘോഷിന്റെ പ്രതികരണം വന്നിട്ടില്ല.

മലയാളി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവ് സംവിധാനം ചെയ്ത ന്യൂഡുമടക്കം 24 ചിത്രങ്ങളാണ് ജൂറി തിരഞ്ഞെടുത്തിരുന്നത്. നവംബര്‍ ഒൻപതിനായിരുന്നു ഇന്ത്യന്‍ പനോരമയിലേക്കുള്ള ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ചിത്രങ്ങളുടെ പട്ടിക വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ടത്. എസ് ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയതില്‍ ജൂറി അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ