മുംബൈ: രമ്യാ കൃഷ്ണനെ ഓര്‍ക്കുമ്പോള്‍ പ്രക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുക രണ്ട് കഥാപാത്രങ്ങളാണ്. രജനികാന്തിന്റെ പടയപ്പയിലെ പ്രതിനായക കഥാപാത്രമായ നീലാംബരി. പിന്നെ നീലാംബരിയെ വെല്ലുന്ന ബാഹുബലിയിലെ രാജമാത ശിവകാമി. ഈ കഥാപാത്രങ്ങളെ അനശ്വരമാക്കിയ രമ്യയെ എല്ലാവരും വാനോളം പ്രശംസിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം അഭിപ്രായവ്യത്യാസമുണ്ട്. രമ്യയുടെ ഭര്‍ത്താവും സംവിധായകനുമായ കൃഷ്ണ വംശിക്ക്.

പുതിയ ചിത്രമായ നക്ഷത്രത്തിന്റെ പ്രചരണാർഥം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാഹുബലിയിലെ രമ്യയുടെ പ്രകടനത്തെക്കുറിച്ച് കൃഷ്ണ വംശി തുറന്നുപറഞ്ഞത്.

‘ബാഹുബലിയിലെ രമ്യയുടെ കഥാപാത്രം നന്നായിരുന്നു. പക്ഷെ ആ സിനിമയുടെ എല്ലാ ക്രെഡിറ്റും രാജമൗലിക്കാണ്. രമ്യയുടെ ഏറ്റവും മികച്ച സിനിമ ബാഹുബലിയൊന്നുമല്ല. അമ്മൊരു, നരസിംഹ എന്നീ ചിത്രങ്ങള്‍ കണ്ടാല്‍ മതി. എന്നാൽ, രമ്യയെ ഞാന്‍ എന്റെ സിനിമകളില്‍ അഭിനയിപ്പിക്കില്ല. എനിക്കവളെ ഒരു നടിയായി കാണാന്‍ പറ്റില്ല. എന്റെ ഒരു സിനിമയിലാണ് അവള്‍ ആകെ അഭിനയിച്ചത്. പക്ഷെ അത് വിവാഹത്തിന് മുന്‍പായിരുന്നു’.

ആറാം ക്ലാസില്‍ പഠിക്കുന്ന ഋത്വിക്കാണ് രമ്യ-വംശി ദമ്പതികളുടെ ഏകമകന്‍. മകനോടൊപ്പം സമയം ചെലവഴിക്കാനാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്നതെന്ന് വംശി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ