ചെയ്തുപോയ തെറ്റുകൾക്ക് പൊതുവേദിയിൽ ആരാധകരോട് ക്ഷമ ചോദിച്ച് ചിമ്പു. സന്താനം നായകനാകുന്ന ‘സക്ക പോടു പോടു രാജ’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ചിമ്പുവിന്റെ ക്ഷമ ചോദിക്കൽ. തന്റെ സിനിമയായ എഎഎ യുടെ ബോക്സ്ഓഫിസ് തകർച്ചയെക്കുറിച്ചും തനിക്കെതിരെ ചിത്രത്തിന്റെ നിർമ്മാതാവ് ഉയർത്തിയ ആരോപണങ്ങളെക്കുറിച്ചും ചിമ്പു പ്രതികരിക്കുകയും ചെയ്തു. ‘സക്ക പോടു പോടു രാജ’ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ചിമ്പുവാണ്.

”എന്റെ സിനിമ എഎഎ വിജയിച്ചില്ലെന്ന് അറിയാം. അത് പരാജയപ്പെട്ടതിൽ എനിക്ക് വിഷമമില്ല. അത് ആരാധകർക്ക് വേണ്ടി ചെയ്ത ചിത്രമായിട്ടാണ് ഞാൻ കരുതുന്നത്. എഎഎ ഒരു ഭാഗമായിട്ട് ചിത്രീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷേ അത് ഒടുവിൽ രണ്ടു ഭാഗമാക്കി ചിത്രീകരിക്കേണ്ടി വന്നു. അതിൽ നിർമ്മാതാവിന് കുറച്ച് നഷ്ടം ഉണ്ടായിട്ടുണ്ട്. ആ സിനിമ ചിത്രീകരിക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറയം, അല്ലെങ്കിൽ സിനിമ റിലീസ് ആയി ഒരു മാസം കഴിഞ്ഞശേഷമോ പറയാം. പക്ഷേ സിനിമ പുറത്തിറങ്ങി ആറു മാസങ്ങൾക്കുശേഷം അതിനെക്കുറിച്ച് പറയുന്നത് വിഷമമുണ്ടാക്കുന്നുണ്ട്”.

Read More: ‘ഞാനിപ്പോൾ തെരുവിലാണ് നിൽക്കുന്നത്’; ചിമ്പുവിനെതിരെ നിർമ്മാതാവ്

”തെറ്റുകൾ ചെയ്തിട്ടുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. ഞാനതിന് ഈ വേദിയിൽവച്ച് ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിക്കുക. ഞാൻ നല്ലവനാണെന്ന് പറയുന്നില്ല. ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് എനിക്കറിയാം. എന്നാൽ അഭിനയിക്കുന്നതിൽനിന്നോ ആരാധകരെ രസിപ്പിക്കുന്നതിൽനിന്നോ എന്നെ തടയാൻ ആർക്കും ആവില്ല”- ചിമ്പു പറഞ്ഞു.

ചിലമ്പരശൻ നായകനായെത്തിയ ചിത്രമായിരുന്നു എഎഎ അഥവാ അൻപാനവൻ അസറാതവൻ അടങ്കാതവൻ. ചിമ്പുവിനെക്കൂടാതെ തമന്നയും ശ്രേയ ശരണുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ആദിക് രവിചന്ദ്രൻ ആയിരുന്നു സംവിധായകൻ. ചിത്രം സാമ്പത്തികമായി വൻ പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയത്തിന് കാരണം നടൻ ചിമ്പുവാണെന്നും സിനിമ മൂലം തനിക്കുണ്ടായ കോടിക്കണക്കിന് രൂപയുടെ നഷ്ടം ചിമ്പു നികത്തണമെന്ന് ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് മൈക്കിൾ റായപ്പൻ രംഗത്തെത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ചിമ്പുവിനെതിരെ ഉയർത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ