നീണ്ട നാലര വര്‍ഷത്തെ ആധിപത്യത്തിനൊടുവില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടെന്ന റെക്കോര്‍ഡ് ദക്ഷിണ കൊറിയന്‍ വീഡിയോ ഗാനമായ ഗന്നം സ്റ്റൈലിന് നഷ്ടമായി. 289 കോടിയിലധികം ആളുകളാണ് ഗന്നം സ്റ്റൈല്‍ കണ്ടത്. എന്നാല്‍ ഈ റെക്കോര്‍ഡ് തകര്‍ത്ത് 290 കോടിയിലധികം ആളുകളാണ് ഒരു വിരഹഗാനം കണ്ടിരിക്കുന്നത്. വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ എന്ന ഗാനമാണ് ഗന്നം സ്റ്റൈലിനെ കവച്ചുവെച്ച് യൂട്യൂബില്‍ സിംഹാസനം ഉറപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 6നാണ് വിസ് ഖലീഫയുടെ സീ യു എഗെയ്ന്‍ യുട്യൂബിലെത്തിയത്. ജസ്റ്റിന്‍ ഫ്രാങ്ക്‌സ്, ചാര്‍ലീ പുത്, കാമറോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സീ യു എഗെയ്ന്‍ രചിച്ചത്. നടന്‍ പോള്‍ വാക്കറിന്റെ ഓര്‍മകള്‍ക്കു മുന്‍പില്‍ ചിത്രീകരിച്ച ഫ്യൂരിയസ് സീരിസിന്റെ ഏഴാം പതിപ്പില്‍ ഈ ഗാനം ഉപയോഗിച്ചിരുന്നു. അമേരിക്കയില്‍ ഒരു ദിവസം ഏറ്റവും അധികം പ്രദര്‍ശിപ്പിക്കപ്പെട്ട ഗാനവും ഇതുതന്നെയാണ്. ഇംഗ്ലണ്ടില്‍ ഒരാഴ്ചയില്‍ ഏറ്റവും അധികം പ്രാവശ്യം കണ്ട വീഡിയോ എന്ന റെക്കോര്‍ഡും വിസ് ഖലീഫയുടെ പാട്ടിനാണ്. ജസ്റ്റിന്‍ ബീബറിന്റെ ‘ബേബി’ എന്ന ഗാനത്തെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.

2012 ജൂലൈ 15നായിരുന്നു ഗന്നം സ്‌റ്റൈലിന്റെ കടന്നുവരവ്. രണ്ടു വര്‍ഷം കൊണ്ടായിരുന്നു ഗന്നം സ്‌റ്റൈല്‍ യുട്യൂബില്‍ ചരിത്രമെഴുതിയത്. ആദ്യമായിട്ടായിരുന്നു ഒരു വീഡിയോ യൂട്യൂബില്‍ ഇത്രയധികം പ്രേക്ഷകരെ നേടുന്നത്. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് 2 ബില്യണ്‍ വ്യൂവേഴ്‌സ് എന്ന നേട്ടം സി യു ഐഗെയ്ന്‍ പാട്ട് സ്വന്തമാക്കി.

സൈയുടെ ആറാമത്തെ ആല്‍ബമായിരുന്നു ഗന്നം സ്‌റ്റൈല്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ജീവിത ശൈലിയില്‍ നിന്നായിരുന്നു ഗന്നം സ്‌റ്റൈല്‍ എന്ന പേര് കിട്ടുന്നത്. 30 രാജ്യങ്ങളുടെ മ്യൂസിക് ചാര്‍ട്ട് ബീറ്റില്‍ ഒന്നാമതെത്തിയിരുന്നു ഗന്നം സ്‌റ്റൈല്‍. സൈ പാട്ടില്‍ കാണിച്ച ഒരു നൃത്തച്ചുവടായിരുന്നു ഗാനത്തെ ഇത്രയേറെ ലോകത്തിന് പ്രിയപ്പെട്ടതാക്കിയത്. എന്നാല്‍ ഈ സ്ഥാനത്താണ് സി യു എഗെയ്ന്‍ ഇടിച്ചുകയറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ