ഈ വര്‍ഷം മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ഹിറ്റ് ജയസൂര്യ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടുന്ന, തൃശൂര്‍ ഭാഷയുടെ ചടുലതയില്‍ ഉള്ള മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഓരോ ആരാധകരുടെയും മനസ്സില്‍. പുണ്യാളന്‍ സിനിമാസിന്റെ ആദ്യ ചിത്രമെന്ന നിലയില്‍ വിതരണരംഗത്തേക്ക് കടക്കുന്ന ജയസൂര്യക്കും ഏറെ പ്രതീക്ഷകള്‍ ഉള്ള ഒരു ചിത്രം കൂടിയാണ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്.

പ്രസവത്തില്‍ ഭാര്യ മരിക്കുകയും അതോടെ ജീവിതത്തില്‍ ഒറ്റപ്പെടുകയും ചെയ്ത ജോയ് താക്കോല്‍ക്കാരന്റെ പുണ്യാളന്‍ അഗര്‍ബത്തീസ് കോടതി ജപ്തി ചെയ്യുന്നതില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്. ഒരു തോല്‍വി പുതിയ വഴികള്‍ തുറക്കുന്നു എന്ന ചിന്ത ജീവിത വ്രതമായി കൊണ്ടുനടക്കുന്ന ജോയ് ഉടന്‍ തന്റെ ബിസിനസ് ഐഡിയയുമായി മുന്നോട്ട് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ കാതല്‍.

Punyalan Private Limited

കേരളത്തിലെ രാഷ്ട്രീയവും, സാമൂഹിക അവസ്ഥകളില്‍ സമൂഹം കാണിക്കുന്ന നിസ്സംഗതയും, മാധ്യമങ്ങളുടെ നൈതികത കുറവും തുടങ്ങി, ഇന്നത്തെ കേരളത്തിലെ മധ്യവര്‍ഗം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും ക്യാന്‍വാസില്‍ കൊണ്ടുവരാന്‍ സംവിധായകന്‍ ശ്രമിച്ചിരിക്കുന്നു. പീഡനക്കേസില്‍ പെടുന്ന ഉന്നതര്‍ക്ക് ശിക്ഷ ലഭിക്കുമോ? മന്ത്രിമാര്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ പോകുന്നില്ല, അവരുടെ വരുമാന സ്രോതസ്സ് എന്താണ് തുടങ്ങി ഓരോ സാധാരണക്കാരനും ഒരു പക്ഷെ ചോദിക്കാൻ ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങള്‍ ചിത്രത്തെ പൊതുജനത്തിന്റെ രാഷ്ട്രീയം പറയുന്ന ചിത്രം എന്ന നിലയില്‍ പ്രാധാന്യം ഉള്ളതാക്കുന്നു, ഒരു പക്ഷെ ചിത്രത്തിന്റെ പോസിറ്റീവും പോരായ്മയും ഇത് തന്നെ ആയിരിക്കും. ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി അടിവസ്ത്രത്തിന്റെ വള്ളി മാത്രമേ ബാക്കിയുള്ളൂ എന്നും, ദേശീയഗാനം നിര്‍ബന്ധമാകേണ്ടത് കോടതികളിലും സര്‍ക്കാര്‍ ഓഫിസുകളിലും അല്ലെ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് നിറഞ്ഞകയ്യടിയാണ് തീയറ്ററില്‍ മുഴങ്ങിയത്. പക്ഷെ ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളെയും രണ്ടുമണിക്കൂര്‍ സമയം കൊണ്ട് അവതരിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ കൈകാര്യം ചെയ്യുന്ന മാധ്യമം സിനിമയാണ് എന്നും അതില്‍ ദൃശ്യഭാഷയ്ക്കും സ്ഥാനം ഉണ്ട് എന്നും സംവിധായകന്‍ വിസ്മരിക്കുകയും, ഒരു റേഡിയോ ശബ്ദരേഖയ്ക്ക് ഉപയുക്തമാകുന്ന തരത്തില്‍ തിരക്കഥ നിര്‍മിക്കുകയും ചെയ്തു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ.

ബിജിപാല്‍ ആദ്യചിത്രത്തിനു തയ്യാറാക്കിയ ഗാനം പുതിയ ചിത്രത്തിലും ടൈറ്റില്‍ സോങ്ങായി വരുമ്പോഴും ആ ഗാനത്തിന് പുതുമ നഷ്ടമാകുന്നില്ല എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ആനന്ദ് മധുസൂദനാണു ചിത്രത്തിലെ മറ്റൊരു പാട്ട് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു നാരായണന്റെ ക്യാമറയും മികച്ച കാഴ്ചാനുഭവമാണ് പ്രേക്ഷകന് നല്‍കുന്നത്.

Punyalan Private Limited

ജയസൂര്യ എന്ന നടനു ജോയ് താക്കോല്‍ക്കാരനാകാന്‍ ഒട്ടുമേ പരിശ്രമിക്കേണ്ടി വരുന്നില്ല. ആദ്യ ചിത്രത്തിന്റെ പിന്തുടര്‍ച്ച എന്നപോലെ ഈ ചിത്രത്തിലും ജീവിതം നേരെയാക്കാന്‍ പണിപ്പെടുന്ന, കൂര്‍മബുദ്ധിയുള്ള തൃശ്ശൂര്കാരന്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഭദ്രം. അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, സുനില്‍ സുഖദ തുടങ്ങിയ കഴിവുള്ള കോമഡി താരങ്ങള്‍ അണിനിരന്നിട്ടും പുണ്യാളന്‍ അഗര്‍ബത്തീസിലെ യുഎസ്പി ആയിരുന്ന അഭയകുമാര്‍ മാത്രമാണ് ഈ ചിത്രത്തില്‍ അല്പമെങ്കിലും ചിരി പ്രേക്ഷകരിലേക്ക് നല്‍കുന്നത്. സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ മനസില്‍ തങ്ങി നില്‍ക്കുന്ന അഭിനയ മുഹൂര്‍ത്തമോ ഒരു രംഗമോ തമാശയോ ഇല്ല എന്നതും പ്രേക്ഷകരെ നിരാശയിലാഴ്ത്തുന്നു.

ഏറെ ഹിറ്റായ ഒരു ചിത്രത്തിന് രണ്ടാം ഭാഗം വരുമ്പോള്‍ അത് മികച്ചതാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഒരു സംവിധായകന്റെ ചുമലിലാണ്. അത് കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ തകരുന്ന കാഴ്ചയാണ് സാധാരണ കാണാറുള്ളത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിനും ഇത്തരത്തിൽ പ്രതീക്ഷയെ തൃപ്തിപ്പെടുത്താൻ സാധിക്കാത്ത  ഒരു രണ്ടാം ഭാഗമാണ് എന്ന് പറയേണ്ടി വരും. മൈതാന പ്രസംഗങ്ങള്‍ക്കപ്പുറത്തേക്കു സിനിമ എന്ന മാധ്യമത്തെ കൊണ്ടുവരാന്‍ സംവിധായകര്‍ ശ്രമിക്കുന്നില്ല എന്നതിന്റെ കൃത്യമായ ഉദാഹരണമായി ഈ ചിത്രത്തെ ചൂണ്ടിക്കാണിക്കാം

ചിത്രങ്ങൾക്ക് കടപ്പാട് ഫെയ്സ്ബുക്ക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ