പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസില്‍ ഇടംനേടിയ സായി പല്ലവി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച ഫിദ എന്ന ചിത്രം മലയാളത്തിലെത്തുന്നു. ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തുവന്നു. വരുണ്‍ തേജ നായകനാവുന്ന ചിത്രം ശേഖര്‍ കമൂലയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമേയം ഒരു പ്രവാസിയുടെ പ്രണയകഥയാണ്.

സ്വന്തം നാടിനെ ഒരുപാട് ഇഷ്ടപ്പെടുന്നവളാണ് ഭാനുമതി (സായി പല്ലവി). വിവാഹശേഷം സ്വന്തം നാടും അച്ഛനെയും വിട്ടുപോകാൻ അവൾക്ക് ആഗ്രഹമില്ല. പക്ഷേ അവൾ തന്റെ സഹോദരി ഭർത്താവിന്റെ അനിയൻ വരുണുമായി (വരുൺ തേജ്) പ്രണയത്തിലാകുന്നു. ഇതോടെ അവൾപോലും പ്രതീക്ഷിക്കാതെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. ശേഖർ കമ്മൗല സംവിധാനം ചെയ്ത ഫിദ ചിത്രം ഒരു മുഴുനീള റൊമാന്റിക് സിനിമയാണ്.

ഫിദയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ സായി പല്ലവി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തന്നെ മലയാളി എന്ന് വിളിക്കരുത് എന്നായിരുന്നു താരം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് താന്‍ ജനിച്ചതെന്നും ‘മലയാളി’ എന്ന് വിളിക്കരുതെന്നും സായി പല്ലവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മലയാളി എന്ന് വിളിക്കരുതെന്നും തമിഴ് പെണ്‍കുട്ടി എന്ന് വിളിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിച്ചു.

മലയാള ചിത്രമായ പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ട് തന്നെയാണ് താരം മലയാളി ആണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുന്നതും. പ്രേമം തെലുങ്കിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. ‘മലര്‍’ എന്ന കഥാപാത്രത്തെ തെന്നിന്ത്യ മുഴുവനും ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ