ഒരേസമയം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ നേടി മുന്നേറുകയാണ് ദിലീഷ് പോത്തൻ ചിത്രമായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയം തന്നെ ശരിക്കും അതിശയപ്പെടുത്തുന്നതായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് കുടുംബ പ്രേക്ഷകരരുടെ പ്രിയ സസംവിധായകൻ സത്യൻ അന്തിക്കാട്. ഫഹദിലെ കള്ളനെ കണ്ട് അന്തംവിട്ടിരിക്കുകയാണ് അന്തിക്കാട് പറയുന്നു. നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് അമ്പരന്നതായും സത്യന്‍ അന്തിക്കാട് വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സത്യൻ ഫഹദിനേയും സിനിമയേയും വാനോളം പുകഴ്ത്തിയത്.

സംവിധായകൻ ദിലീഷ് പോത്തനേയും സത്യൻ ഏറെ പ്രശംസിക്കുന്നു. ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യം അതിശയിപ്പിച്ചെന്നും സത്യൻ പറയുന്നു. ഒരു മനോഹര ചിത്രം ഉണ്ടാക്കി മനസിനെ ഉണർത്തിയതിന് ദിലീഷിനന് നന്ദി അറിയിച്ചാണ് സത്യൻ അന്തിക്കാട് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സത്യൻ അന്തിക്കാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

‘ചില ‘കാഴ്ച’ പ്രശ്നങ്ങൾ കാരണം അല്പം വൈകിയാണ് തൊണ്ടിമുതൽ കണ്ടത്.

സന്ധ്യ കഴിഞ്ഞാൽ നമ്മുടെ സ്വീകരണ മുറികൾ ചാനൽ ചർച്ചകൾ കൊണ്ട് ചന്തപ്പറന്പാകുന്ന കാലമാണ്. വാളും ചിലന്പും കൊടുത്താൽ മദമിളകിയ ചിലർ മലയാള സിനിമയ്‌ക്കെതിരെ ഉറഞ്ഞു തുള്ളുന്ന അവസ്ഥ. ഈ കോലാഹലം കണ്ട് സിനിമ കാണൽ തന്നെ മലയാളികൾ ഉപേക്ഷിക്കുമോ എന്ന് പേടിച്ചിരിക്കുന്പോഴാണ് തൊണ്ടിമുതലിന്റെ വരവ്. കണ്ടപ്പോൾ മനസ്സിൽ നിലാവ് പരന്നു. സിനിമ കഴിഞ്ഞപ്പോൾ കേട്ട കരഘോഷം തെളിയിച്ചത് പ്രേക്ഷകർ ഇപ്പോഴും നല്ല സിനിമയ്‌ക്കൊപ്പമുണ്ട് എന്ന് തന്നെയാണ്.

“തൊണ്ടിമുതലും ദൃക്‌സാക്ഷിയും” എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതിശയിപ്പിച്ചത് ഇത്ര ചെറിയ ഒരു വിഷയത്തിൽ നിന്ന് ഒരു സിനിമയുണ്ടാക്കാൻ ദിലീഷ് പോത്തൻ കാണിച്ച ധൈര്യമോർത്താണ്. ആഹ്ലാദിപ്പിച്ചത് വി.കെ.എന്നിന്റെ ഭാഷയിൽ പറഞ്ഞാൽ, “അവൻ അഭ്രത്തിൽ ഒരു കാവ്യമായി മാറി” എന്നത് കൊണ്ടും. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും രാജീവ് രവിയും സജീവ് പാഴൂരും ബിജിബാലും സന്ദീപ്‌ സേനനുമൊക്കെ മലയാള സിനിമയ്‌ക്ക് നൽകിയത് വല്ലാത്തൊരു കരുത്താണ്.

ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാൻ അന്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്. സുരാജ്, നിമിഷ, അലൻസിയർ എന്നിവർക്കൊപ്പം കാക്കിക്കുള്ളിലെ കലാകാരന്മാരും അഭിനയത്തിന്റെ അപൂർവ തലങ്ങൾ കാണിച്ചു തന്നു. എണ്ണിയെണ്ണി പറയുന്നില്ല. മികച്ചതല്ലാത്ത ഒന്നുമില്ല ഈ സിനിമയിൽ.

നന്ദി, ദിലീഷ് പോത്തൻ ! ഒരു മനോഹര സിനിമ കൊണ്ട് മനസ്സുണർത്തിയതിന്. ആരൊക്കെ എങ്ങനെയൊക്കെ തളർത്താൻ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ടു തന്നെ, എന്ന് പറയാതെ പറഞ്ഞതിന്.’

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ