തമാശ നിറഞ്ഞ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘പറവ’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അതിഥി താരമായി ദുല്‍ഖറും എത്തുന്നുണ്ട്. തന്റെ പ്രിയസുഹൃത്തുകൂടിയായ സൗബിന്റെ സംവിധായകനായുള്ള ആദ്യചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകരോട് ഒരു അഭ്യര്‍ഥന നടത്തുകയാണ് ദുല്‍ഖര്‍. ആദ്യദിനങ്ങളില്‍ തിയേറ്ററുകളില്‍ നിന്ന് മൊബൈല്‍ ഫോണിലും മറ്റും ചിത്രത്തിന്റെ ഭാഗങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയാണ് കുഞ്ഞിക്ക.

‘പറവ കാണാൻ പോകുന്ന പ്രേക്ഷകരോട് പ്രത്യേകിച്ച് ആരാധകരോട് എനിക്ക് ആത്മാർത്ഥമായ ഒരു അപേക്ഷയുണ്ട്. ദയവു ചെയ്തു നിങ്ങൾ സിനിമയിലെ രംഗങ്ങൾ ക്യാമറയിൽ പകർത്തരുത്. അത് ഏതെങ്കിലും ഒരു നടന്റെ ഇൻട്രോയോ, സംഘട്ടന രംഗങ്ങളോ ഗാനരംഗങ്ങളോ ആകാം. ഇതൊക്കെ നിങ്ങളുടെ സ്‌നേഹവും ആവേശവും ആണെന്ന് എനിക്കറിയാം എന്നാൽ എന്നെ സംബന്ധിച്ച് ഇത് പൈറസിയാണ്. നിങ്ങൾ ഷൂട്ട് ചെയ്ത ദൃശ്യം സോഷ്യൽ മീഡിയയിലൂടെയും ഇന്റർനെറ്റ് വഴിയും പ്രചരിച്ചാല്‍ അത് സിനിമയുടെ ഡിവിഡി/ ബ്ലു റേ ഇറങ്ങുമ്പോഴായിരിക്കും ബാധിക്കുന്നത്. ഇത് ആരെയും വിഷമിപ്പിക്കാന്‍ പറയുന്നതല്ല. ദയവു ചെയ്തു ഇങ്ങിനെ ചെയ്യരുത്’ ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

സൗബിനും നിസാം ബഷീറും ചേർന്നാണ് പറവയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റിൽ സ്വയാമ്പ് പോൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, സ്രിന്ദ, ഷെയിന്‍ നിഗം, ജേക്കബ് ഗ്രിഗറി, അര്‍ജ്ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ