ദുൽഖർ സമ്മാനമായി മൂന്നു ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സൗബിന്‍ ഷാഹിറിന്റെ ‘പറവ’, സംവിധായകൻ ബിജോയ് നമ്പ്യാരുടെ സോളോ, തെലുങ്കിലെ അരങ്ങേറ്റ ചിത്രം എന്നിങ്ങനെ മൂന്നു സിനിമകളുടെ പോസ്റ്ററാണ് പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങിയിരിക്കുന്നത്. പറവയിൽ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ദുൽഖർ ഉളളത്.

സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമാണ് പറവ. അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ദുൽഖർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിശ്രീ അശോകന്‍, സൈനുദ്ദീന്‍, അബി എന്നിവരുടെ മക്കളായ ഷെയ്ന്‍ നിഗം, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടി പറവയ്ക്കുണ്ട്. സെപ്റ്റംബറിൽ ചിത്രം പുറത്തിറങ്ങും.

ബിജോയ് നമ്പ്യാരുടെ സോളോ മലയാളം, തമിഴ് ഭാഷകളിലായാണ് ഒരുങ്ങുന്നത്. ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്റെ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ. ജയന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ദുല്‍ഖറിന് ജന്മദിന സമ്മാനമായാണ് വൈജയന്തി മൂവീസ് പോസ്റ്റര്‍ പുറത്തുവിട്ടത്. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന മഹാനദിയില്‍ ജമിനി ഗണേശനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ദേശീയ അവാര്‍ഡ് ജേതാവും തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരവുമായ സാവിത്രിയുടെ ജീവിത കഥയെ അടിസ്ഥാനമാക്കിയുളളതാണ് ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ