കാറുകളോടുള്ള മമ്മൂട്ടിയുടെ താല്‍പ്പര്യം സിനിമയ്ക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധനേടിയതാണ്. ട്രെന്‍ഡിനനുസരിച്ച് മികച്ച വാഹനങ്ങള്‍ സ്വന്തമാക്കുന്നത് തന്റെ ഇഷ്ടപ്പെട്ട കാര്യമാണെന്ന് മമ്മൂട്ടി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛന്‍ മാത്രമല്ല, മകനും അതേവഴിയില്‍ തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഈ താത്പര്യം സോഷ്യമീഡിയയിലൂടെ ദുല്‍ഖര്‍ തന്നെയാണ് പങ്കുവച്ചത്. ഈയടുത്ത് തുരുമ്പെടുത്ത ഒരു പഴയ ബെന്‍സ് കാര്‍ നന്നാക്കിയെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. കാര്‍ കളക്ഷനില്‍ മമ്മൂട്ടിക്കു മകന്‍ ശക്തമായ വെല്ലുവിളിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കാറുകളോടുള്ള ഭ്രാന്ത് ദുല്‍ഖര്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ജര്‍മന്‍ കമ്പനി ഫോക്സ്വാഗണിന്റെ ഉടമസ്ഥതയിലുള്ള പോര്‍ഷെയുടെ പുത്തന്‍ പുതിയ പാനമീറ ടര്‍ബോയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് കോടിയോളം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ ഈ കാറിന് വില.

ലോകത്തെ മികച്ച സ്പോര്‍ട്സ് കാറുകളുടെ നിരയില്‍പ്പെടുന്ന മോഡലാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്. പോര്‍ഷെയുടെ രണ്ടാം തലമുറ സ്പോര്‍ട്സ് സലൂണ്‍ 4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് പാനമീറ ടര്‍ബോയില്‍ ഉപയോഗിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള പോര്‍ഷെ പാനമീറയുടെ എഞ്ചിന്‍ കരുത്ത് 550 എച്ച്പിയാണ്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ ഈ കാറിന് വേണ്ടത് വെറും 3.8 സെക്കന്‍ഡ്. മണിക്കൂറില്‍ പരമാവധി വേഗതയാകട്ടെ 306 കിലോമീറ്ററും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ