മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് ഏറെ സ്വീകാര്യത ലഭിച്ച യുവതാരമാണ് മലയാളികൾ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖർ സൽമാൻ. തുടക്കത്തിലെ ചെറിയ ചില പാളിച്ചകള്‍ മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ താരത്തിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും തന്റെ സാന്നിധ്യം അറിയിച്ച താരം ഇപ്പോള്‍ ബോളിവുഡില്‍ അരങ്ങേറുകയാണ്. റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ഡിഖ്യു അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇര്‍ഫാന്‍ ഖാന്‍, മിഥില പല്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംങ് സെപ്തംബര്‍ ആദ്യവാരത്തില്‍ തുടങ്ങും.

2015ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രമായ ‘ഓക്കെ കണ്‍മണി’യാണ് ദുല്‍ഖറിനെ തെക്കേ ഇന്ത്യയില്‍ പ്രശസ്തനാക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടത്തെ ബോളിവുഡിൽ നിന്നടക്കം നിരവധി പേർ പ്രശംസിച്ചിരുന്നു. ഓക്കെ കണ്‍മണിയുടെ ഹിന്ദി പതിപ്പ് ആദിത്യ റോയ് കപൂറിനെ നായകനാക്കി കരണ്‍ ജോഹര്‍ നിര്‍മിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ