സംവിധായകന്‍ മേജര്‍ രവി സമൂഹമാധ്യമത്തിലൂടെ വര്‍ഗീയപരാമര്‍ശം നടത്തുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ സംവിധായകനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സിനിമ മേഖലയിൽ നിന്നും മേജര്‍ രവിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

സംവിധായകൻ എം.എ.നിഷാദ് മേജർ രവിക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നത്. ഒരു യഥാർഥ കലാകാരൻ ഒരിക്കലും കലാപ ആഹ്വാനം നടത്തുന്ന വർഗീയവാദിയാകില്ലെന്ന് നിഷാദ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് മേജർ രവി വിവാദ പരാമര്‍ശം നടത്തിയത്. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദുക്കള്‍ ഇല്ലാതായി തീരുമെന്നും അമ്പലങ്ങളില്‍ കയറിക്കൂടിയവര്‍ വീടുകളിലും വന്നുകയറുമെന്നുമായിരുന്നു രവി പറഞ്ഞത്.

എം.എ.നിഷാദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

”ജയ് ഹിന്ദ് രവീ..ജയ് ഹിന്ദ്”………
.രവീ .., നിങ്ങൾ കാർക്കിച്ച് തുപ്പിയത്, മാധ്യമപ്രവർത്തകയുടെ മുഖത്തല്ല…ഈ രാജ്യത്തെ മതേതര, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ജനതയുടെ മുഖത്താണ്… രാജ്യത്തിന് വേണ്ടി നിസ്വാർത്ഥ സേവനം നടത്തുന്ന നമ്മുടെ സൈനിക സഹോദരങ്ങളുടെ മുഖത്താണ്… ഒരു പക്ഷെ അവർ പോലും, അപമാന ഭാരത്താൽ ലജ്ജിക്കുന്നുണ്ടാകും, ഒരിക്കലെങ്കിലും നിങ്ങളെ സല്യൂട്ട് ചെയ്ത നിമിഷങ്ങളോർത്ത്..
ഒരു യഥാർഥ കലാകാരൻ ഒരിക്കലും കലാപാഹ്വാനം നടത്തുന്ന വർഗീയവാദിയാകില്ല..
ഈ മനസ്സുമായിട്ടാണല്ലോ രവീ നിങ്ങൾ ഈ രാജ്യത്തേ സേവിച്ചതെന്നറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ… അത് ചിന്തിക്കാവുന്നതിനപ്പുറമാണ്….
രവിയുടെ ”കലാ”സൃഷ്ടികളെ പറ്റി അഭിപ്രായം പറയാൻ ഞാനാളല്ല, പക്ഷെ രവി വച്ച കെണിയിൽ യഥാർഥ കലാകാരന്മാർ വീഴില്ല എന്ന് വിശ്വസിക്കാനാണ് എനിക്കാഗ്രഹം, രവിയുടെ ചില ”പ്രിയർ”ഒഴിച്ച്..
രവീ നിങ്ങൾക്ക് തെറ്റി.. ഇത് കേരളമാണ്.. ഉണരുന്നത് ഈ നാടിന്റെ മതേതര മനസ്സാണ്, ഈ നാടിന്റെ ഐക്യമാണ്, അവിടെ ഹിന്ദുവും, മുസ്ളീമും, ക്രിസ്ത്യാനിയെന്നും, വ്യത്യാസമില്ല ….
രവീ മലർന്ന് കിടന്ന് തുപ്പാതെ, വർഗീയ തുപ്പലുകൾ സ്വയം കുടിച്ചിറക്കി, രാജ്യസ്നേഹത്തിന്റെ പുതിയ ”കലാ’ സൃഷ്ടിയുമായി വരുമെന്നുറച്ച വിശ്വാസത്തോടെ.. ഈ കുറിപ്പിവിടെ അവസാനിപ്പിക്കട്ടേ..
NB. മേജർ, മൈനർ മുതലായ ആലങ്കാരിക പദവികൾ മനഃപൂർവ്വം ഒഴിവാക്കിയതാണ്, നിങ്ങൽ അതുക്കും മേലെയാണ്… ജയ് ഹിന്ദ് രവീ… ജയ് ഹിന്ദ്….#manishad

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ