ചെന്നൈ: തമിഴ് യുവതാരം ധനുഷ് പുതിയ വിവാദത്തിൽ. സൂപ്പര്‍താരത്തിന്റെ കാരവനിലേക്ക് വൈദ്യുതി മോഷ്ടിച്ച സംഭവമാണ് വാര്‍ത്ത ആയിരിക്കുന്നത്. ചെന്നൈയില്‍ ധനുഷും കുടുംബവും വിശ്രമത്തിനായി എത്തിയപ്പോഴാണ് തെരുവ് വിളക്കില്‍ നിന്നുള്ള ലൈനില്‍ നിന്നും അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതാണ് വിവാദമായത്. വൈദ്യുതി മോഷണത്തിന് ശിക്ഷയായി ധനുഷിന്റെ ഡ്രൈവര്‍ വീരപ്പന്റെ പക്കല്‍നിന്ന് 15,731 രൂപ അധികൃതര്‍ പിഴയായി ഈടാക്കി.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി മുത്തരംഗാപുരത്താണ് സംഭവം. ഇവിടത്തെ കുടുംബക്ഷേത്രമായ കസ്തൂരി മങ്കമ്മാള്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തിയതായിരുന്നു നടന്‍ ധനുഷും കുടുംബവും. ഒപ്പം രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ, ധനുഷിന്റെ മാതാപിതാക്കള്‍ എന്നിവരും എത്തിയിരുന്നു. ക്ഷേത്രദര്‍ശനവും ഉച്ചഭക്ഷണത്തിനും ശേഷം ധനുഷും കുടുംബവും കാരവനിലാണ് വിശ്രമിച്ചത്.

ക്ഷേത്രദര്‍ശനത്തിന് ശേഷം ധനുഷ് കാറില്‍ ചെന്നൈയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് വൈദ്യുതി വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ രാജേഷും സംഘവും കാരവന്‍ പിടിച്ചെടുക്കുകയായിരുന്നു. വാനിന് സമീപത്തെ വൈദ്യുതി പോസ്റ്റില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചതിനുള്ള തെളിവുകള്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

ക്ഷേത്രദര്‍ശനത്തിനൊപ്പം നിരവധി പാവങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് ധനുഷും കുടുംബവും മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ