ബെരെനിസ് ബേജോക്കൊപ്പം ഹോളിവുഡില്‍ ധനുഷ്; ഇങ്ങു ചെന്നൈയില്‍ ധനുഷിന്‍റെ അച്ഛനമ്മമാരെ ചൊല്ലി നിയമയുദ്ധം.

berenice_bej

ബെരെനിസ് ബേജോ

കനേഡിയന്‍ സംവിധായകന്‍ കെന്‍ സ്കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി ധനുഷ് ഹോളിവുഡ് അരങ്ങേറ്റം കുറിക്കുമ്പോള്‍ നായികയാവുന്നത് ബെരെനിസ് ബേജോ.  ദി ആര്‍ട്ടിസ്റ്റ്, ദി പാസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ നായികാ വേഷമിട്ട ബെരെനിസ് ബേജോ ദി ആര്‍ട്ടിസ്റ്റ് സംവിധാനം ചെയ്ത മിഷേല്‍ ഹസനവിഷൌസിന്‍റെ ഭാര്യയാണ്.

മെയ്‌ മാസം ആരംഭിക്കുന്ന ചിത്രം മുംബൈ, പാരിസ്, ബ്രസ്സെല്‍സ്, റോം എന്നിവിടങ്ങളിലാവും ചിത്രീകരിക്കുക.

റോമൈന്‍ പ്യുര്‍തോലാസിന്‍റെ വിഖ്യാതമായ, മുപ്പത്തിയഞ്ചോളം ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ട ഒരു നോവലിന്‍റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. മുംബൈയില്‍ ജീവിക്കുന്ന മാജിക് അറിയാവുന്ന ഒരു കള്ളന്‍. അയാളുടെ യൂറോപ്പ് യാത്രയാണ് സിനിമയുടെ പശ്ചാത്തലം.

മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ധനുഷിന്‍റെ മാതാപിതാക്കാളെ കുറിച്ചുള്ള കേസ് സത്യമാണെങ്കില്‍ അന്വര്‍ത്ഥമാകുന്ന ഒരു പേരാണ് ഈ സിനിമക്ക് – ‘The Extraordinary Journey of the Fakir’.

തമിഴ്നാട്ടിലെ ശിവ ഗംഗൈ ജില്ലയിലെ തിരുപ്പുനവം എന്ന ഗ്രാമത്തിലെ കതിരേശന്‍-മീനാല്‍ ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവുമായെത്തിയത്. പഠനത്തില്‍ താല്പര്യക്കുറവുണ്ടായിരുന്ന മകന്‍ കലൈച്ചെല്‍വന്‍ സിനിമമോഹവുമായി മദിരാശിയിലേക്ക് ഒളിച്ചോടി എന്നും, സിനിമയിലെ ധനുഷ് തങ്ങളുടെ മകനാണെന്ന് തങ്ങള്‍ പിന്നീട് തിരിച്ചറിഞ്ഞു എന്നുമാണ് ഇവര്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. കലൈച്ചെല്‍വന്‍റെ ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്‌ തുടങ്ങിയ രേഖകളും കോടതില്‍ ഹാജരാക്കിയിട്ടുണ്ട്.

ധനുഷിന്‍റെ ബാല്യകാല ചിത്രം - അച്ഛനമ്മമാരോടോത്ത്

ധനുഷിന്‍റെ ബാല്യകാല ചിത്രം – അച്ഛനമ്മമാരോടോത്ത്

ഇവരുടെ വാദങ്ങള്‍ തീര്‍ത്തും അടിസ്ഥാനമില്ലാത്തവയാണെന്ന് കാണിച്ച് ധനുഷ് തന്‍റെ അച്ഛനമ്മമാരുടെ (കൃഷ്ണമൂര്‍ത്തി – വിജയലക്ഷ്മി) പേരുള്ള ജനന സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. തന്‍റെ അച്ഛനമ്മമാര്‍ തനിക്കിട്ട പേര് വെങ്കടേശ പ്രഭു എന്നായിരുന്നു.  സിനിമക്കായി താന്‍ അത് ധനുഷ് എന്നാക്കിയതിന് തെളിവായി ഇതിന്‍റെ ഗസറ്റ് നോട്ടിഫിക്കേഷനും ഹാജരാക്കി.

ഭാര്യ ഐശ്വര്യ, അച്ഛനമ്മമാര്‍ എന്നിവരോടൊപ്പം

ഭാര്യ ഐശ്വര്യ, അച്ഛനമ്മമാര്‍ എന്നിവരോടൊപ്പം

എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നും തുടര്‍ വിചാരണ വേണമെന്നും കതിരേശന്‍-മീനാല്‍ ദമ്പതികള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്നലെ മദ്രാസ്‌ ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്‌ ധനുഷിനോട് താന്‍ ചെന്നൈയില്‍ പഠിച്ചതിന്‍റെ തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 14ന് രേഖകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദേശം.

ഇപ്പോള്‍  സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന വേലൈ ഇല്ലാ പട്ടധാരി – 2 എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന 33 കാരനായ ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത് രജനീകാന്തിന്‍റെ മൂത്ത മകള്‍ ഐശ്വര്യയെയാണ്. യാത്ര, ലിംഗ എന്നീ രണ്ടു മക്കളുണ്ടിവര്‍ക്ക്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ