കലാലയങ്ങള്‍ എന്നും ഏവരുടെയും ഓര്‍മപുസ്തകങ്ങളാണ്. ഒന്നിച്ചിരുന്ന് കഥകള്‍ പറഞ്ഞ് കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും ചെലവിട്ട ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടം. ഓരോ കലാലയത്തിനുമുണ്ടാവും പറയാന്‍ ഒത്തിരി കഥകള്‍. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, സമരങ്ങളുടെ, പോരാട്ടങ്ങളുടെ കഥകള്‍. ഓര്‍മകളുടെ ഈറ്റില്ലമാണ് ഓരോ കലാലയവും. ഈ ഓര്‍മകളോടുള്ള ഓരോ മനുഷ്യന്റെയും അടങ്ങാത്ത ഇഷ്ടമാണ് ഓരോ കലാലയ സിനിമകളുടെയും വിജയവും.

വെള്ളിത്തിരയില്‍ കലാലയ ജീവിതത്തിന്റെ പുതു ലോകം തുറന്ന സര്‍വകലാശാലയിലെ ലാലിനെയും നിറത്തിലെ എബിയെയും സോനയെയും ക്ലാസ്മേറ്റ്സിലെ സുകുവിനെയും പയസിനെയും ആര്‍ക്കാണ് മറക്കാനാവുക. ക്യാംപസ് ചിത്രങ്ങളെന്നു പറയുമ്പോള്‍ ഏതൊരു മലയാളിയുടെയും മനസ്സിലാദ്യമെത്തുന്നത് ഈ കഥാപാത്രങ്ങളായിരിക്കും. മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക കലാലയ സിനിമകളും വന്‍ വിജയം നേടിയവയാണ്. വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കലാലയ ചിത്രങ്ങളിലൂടെ ഒരു യാത്ര.

ആനന്ദം
malayalam, campus, movie, anandam
2016 ല്‍ പുറത്തിറങ്ങിയ ക്യാംപസ് ഹിറ്റാണ് ആനന്ദം. പുതുമുഖങ്ങളെ അണിനിരത്തിയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് ഗണേഷ് രാജാണ്. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ചിത്രം പുറത്തിറങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍തന്നെ ക്യാംപസുകളില്‍ ഹിറ്റാവുകയും ചെയ്തു.

പ്രേമം

സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു പ്രേമം (2015). നായകന്റെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളെക്കുറിച്ചു പറയുന്ന സിനിമയില്‍ ഏറ്റവും കയ്യടി നേടിയത് കോളേജ് കാലഘട്ടമാണ്. ക്യാംപസില്‍ നിറഞ്ഞു നിന്ന ജോര്‍ജും ശംഭുവും കോയയും പ്രേക്ഷക മനസ്സ് കീഴടക്കിയാണ് തിയേറ്റര്‍ വിട്ടത്. ക്ലാസ് മുറിയില്‍ നിന്നു പഠിച്ച ജാവയും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍പ്പുണ്ട്.

സീനിയേഴ്സ്
malayalam, campus, movie, seniors
പഠിച്ചിറങ്ങിയ കലാലയത്തിലേയ്ക്ക് വീണ്ടും പഠിക്കാനായി പോകുന്ന നാലു സുഹൃത്തുക്കളുടെ കഥ പറഞ്ഞ വൈശാഖന്‍ ചിത്രമാണ് സീനിയേഴസ് (2011). മഹാരാജാസ് കോളജിന്റെ അന്തരീക്ഷത്തില്‍ ഒരുക്കിയ ചിത്രം സൗഹൃദവും പ്രണയവും നിറഞ്ഞു നില്‍ക്കുന്ന ഒരു ത്രില്ലറായിരുന്നു.

ക്ലാസ്മേറ്റ്സ്
malayalam, campus, movie, classmtes
കലാലയ ജീവിതത്തിലേക്കൊരു തിരിഞ്ഞു നോട്ടമായിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്ത ചിത്രം ക്ലാസ്മേറ്റ്സ് (2006). പഠിച്ചും കളിച്ചും നടന്നു നീങ്ങിയ കലാലയത്തിലേക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞൊരു മടക്കയാത്ര. വലിയൊരു ഇടവേളയ്ക്ക് ശേഷം ക്യാംപസ് ഓര്‍മകളുമായി തിയേറ്റര്‍ കീഴടക്കിയ ചിത്രമായിരുന്നു ഇത്. അളിയാ എന്ന വിളിയുമായി നമ്മെ ചിരിപ്പിച്ച പയസും സഖാവായി നിറഞ്ഞു നിന്ന സുകുവും രാഷ്ട്രീയത്തിലെ തന്ത്രങ്ങളുമായി നിറഞ്ഞു നിന്ന സതീശന്‍ കഞ്ഞിക്കുഴിയും ഇന്നും മലയാളികളുടെ ഇഷ്ട കഥാപാത്രങ്ങളാണ്.

ചോക്ലേറ്റ്, പുതിയമുഖം, ഡോക്ടര്‍ ലൗ
malayalam, campus, movie, chocolate
ക്ലാസ്മേറ്റ്സ് തീര്‍ത്ത ഓളത്തിനു ശേഷമിറങ്ങിയ കലാലയ ചിത്രമായിരുന്നു ചോക്ലേറ്റ് (2007). ഒരു വനിതാ കോളേജിലേക്ക് പഠിക്കാനെത്തുന്ന ഒരാണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രം പുതിയൊരു കലാലയന്തരീക്ഷമാണ് പ്രേക്ഷകര്‍ക്ക് തുറന്നു നല്‍കിയത്. ഷാഫി സംവിധാനം ചെയ്ത ചിത്രത്തില്‍ സൗഹൃദവും പ്രണയവും കുടുംബ ബന്ധങ്ങളും എല്ലാം നിറഞ്ഞു നിന്നിരുന്നു. ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖത്തിലും (2009) കലാലയത്തിനായിരുന്നു പ്രാധാന്യം. പ്രണയവും സൗഹൃദവും കോര്‍ത്തിണക്കിയ ഡോക്ടര്‍ ലൗ (2011) പുതിയ കാലഘട്ടത്തിലെ ക്യാംപസ് ജീവിതമാണ് വെള്ളിത്തിരയില്‍ കാണിച്ചത്. മലയാളത്തിലെ എക്കാലത്തെയും ക്യാംപസ് ഹീറോയായ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രം സംവിധാനം ചെയ്തത് കെ.ബിജുവാണ്.

നമ്മള്‍
malayalam, campus, movie, nammal
കമല്‍ സംവിധാനം ചെയ്ത നമ്മളാണ് (2002) എടുത്തു പറയാവുന്ന മറ്റൊരു ക്യാംപസ് ചിത്രം. നിറത്തിനു ശേഷം കമല്‍ സംവിധാനം ചെയ്ത ക്യാംപസ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സിദ്ധാര്‍ത്ഥ്, ജിഷ്ണു എന്നീ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം മെഗാ ഹിറ്റായിരുന്നു.

നിറം
malayalam, campus, movie, niram
മലയാളികള്‍ എന്നും ഓര്‍ത്തുവയ്ക്കുന്നൊരു ക്യാംപസ് ചിത്രമാണ് നിറം (1999). കുസൃതിയും ആഘോഷങ്ങളുമായി അരങ്ങുവാണ സോനയെയും എബിയെയും ഏത് മലയാളിയാണ് ഓര്‍ക്കാതിരിക്കുക. കേരളം കണ്ട ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം. കമല്‍ സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയുമായിരുന്നു മുഖ്യവേഷങ്ങളില്‍ അഭിനയിച്ചത്.

ചെപ്പ്
രാഷ്ട്രീയവും ലഹരി ഉപയോഗവും നിറഞ്ഞു നില്‍ക്കുന്ന ക്യാംപസുമായി 1987 ല്‍ പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രമാണ് ചെപ്പ്. രാമചന്ദ്രന്നെന കോളജ് അധ്യാപകനായി മോഹന്‍ലാല്‍ എത്തിയ ചിത്രം പുതിയൊരു കലാലയ ചുറ്റുപാടാണു കാണിച്ചുതന്നത്.

സര്‍വകലാശാല
malayalam, campus, movie, sarvakalashala
കലാലയ ചിത്രങ്ങളിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റെന്നു വിശേഷിപ്പിക്കുന്നത് 1987 ല്‍ പുറത്തിറങ്ങിയ സര്‍വകലാശാലയാണ്. മലയാള സിനിമയില്‍ ലാലും പഞ്ചാരയും ചക്കരയും സംഘവും തീര്‍ത്ത വസന്തമായിരുന്നു ഈ ചിത്രം. മലയാളത്തിലെ നിത്യഹരിത കലാലയ സിനിമയാണ് സര്‍വകലാശാല. വേണു നാഗവള്ളി ഒരുക്കിയ ഈ കലാലയ വിസ്മയം കാഴ്ചയുടെ പുതിയൊരു ലോകമാണ് വെള്ളിത്തിരയില്‍ തീര്‍ത്തത്.

ചാമരം
മലയാള സിനിമയില്‍ കോട്ടയം സിഎംഎസ് കോളജില്‍ വിരിഞ്ഞ വിസ്മയമായിരുന്നു ചാമരം (1980). കോളജ് അധ്യാപികയായ ഇന്ദുവിന്റെയും വിദ്യാര്‍ഥിയായ വിനോദിന്റെയും പ്രണയ കഥ പറഞ്ഞ ഭരതന്‍ ചിത്രം അതുവരെ മലയാളി കാണാത്ത കാഴ്ചയുടെ ലോകമാണ് തുറന്നത്. ഗ്രാമത്തില്‍നിന്നു പട്ടണത്തിലെത്തി വലിയ ക്യാംപസിന്റെ ഇടനാഴികളിലൂടെ നടന്നു നീങ്ങിയ ഇന്ദുവിനെ ആര്‍ക്കാണ് മറക്കാനാവുക. രാമചന്ദ്രബാബുവിന്റെ ക്യാമറ കലാലയത്തിന്റെ അന്നുവരെ കാണാത്ത ദൃശ്യഭംഗിയാണ് മലയാളി പ്രേക്ഷകനു മുന്നില്‍ തുറന്നു കൊടുത്തത്.

ഉള്‍ക്കടല്‍
malayalam, campus, movie, ulkkadal
ക്യാംപസ് പ്രമേയമാക്കി മലയാളത്തില്‍ സിനിമകളുണ്ടായിട്ടുങ്കിലും പൂര്‍ണമായും ക്യാംപസ് പശ്ചാത്തലമാക്കി ചിത്രങ്ങള്‍ വന്നു തുടങ്ങുന്നത് 1970 കളിലാണ്. മലയാളത്തിലെ ആദ്യത്തെ മുഴുനീള ക്യാംപസ് ചിത്രമെന്ന് അവകാശപ്പെടുന്നത് ഉള്‍ക്കടലാണ് (1979). കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വേണു നാഗവള്ളിയും ശോഭയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജായിരുന്നു മനോഹരമായ ഈ കലാലയ സിനിമയുടെ ലൊക്കേഷന്‍.

തീരുന്നില്ല ക്യാംപസ് വസന്തം
ഇതു മാത്രമല്ല ഇനിയുമുണ്ട് കലാലയത്തില്‍ വിരിഞ്ഞ മലയാള സിനിമകള്‍. യുവജനോത്സവം (1986), തൂവാന തുമ്പികള്‍ (1987), അമൃതം ഗമയ (1987), ജോണിവാക്കര്‍ (1992), മിന്നാരം (1994), മഴയെത്തും മുന്‍പേ (1995), പ്രണയവര്‍ണ്ണങ്ങള്‍ (1998), ദോസ്ത് ( 2001), കസ്തൂരിമാന്‍ (2003), കോളേജ് കുമാരന്‍ (2008), കോളജ് ഡെയ്സ് (2010), ബോഡിഗാര്‍ഡ് (2010) തുടങ്ങിയ ചിത്രങ്ങളിലും കലാലയം മുഖ്യ പ്രമേയമായിരുന്നു.

അണിയറയില്‍ ഒരുങ്ങുന്ന ക്യാംപസ് ചിത്രങ്ങള്‍
malayalam, campus, movie. poomaram
സൗഹൃദത്തിന്റെ കഥ പറയുന്ന നിരവധി കലാലയ ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. ഇതില്‍ ഏവരും കാത്തിരിക്കുന്നത് കാളിദാസ് ജയറാം നായകനായെത്തുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരമാണ്. ഇതിലെ ഗാനം ഇതിനോടകം മലയാളി ഏറ്റെടുത്തു കഴിഞ്ഞു. മഹാരാജാസ് കോളജാണ് പ്രധാന ലൊക്കേഷന്‍. മറ്റൊരു ക്യാംപസ് ചിത്രം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കന്‍ അപാരതയാണ്. ടോവിനോ തോമസ് നായകനാവുന്ന ചിത്രം 44 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള എറണാകുളം മഹാരാജാസ് കോളജിന്റെ കഥയാണ് പറയുന്നത്. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ ഒരുക്കുന്ന ചിത്രമാണ് സഖാവ്. കലാലയ രാഷ്ട്രീയത്തെ ആസ്പദമാക്കിയുള്ള സഖാവിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. കലാലയത്തിന്റെ കഥ പറയുന്ന ഈ മൂന്ന് ചിത്രങ്ങള്‍ക്കായി ആകാംഷയോടെ കാത്തിരിക്കയാണ് മലയാളി പ്രേക്ഷകര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ