മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച എക്കാലത്തേയും മികച്ച ചിത്രമായ ബിഗ്ബിയുടെ രണ്ടാം ഭാഗം എത്തുന്നു. ബിലാല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്‍റെ ആദ്യപോസ്റ്റര്‍ അമല്‍ നീരദ് പുറത്തുവിട്ടു. അടുത്ത വര്‍ഷം ചിത്രം പുറത്തിറങ്ങും. ദുല്‍ഖറും ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. തനിക്ക് എക്കാലവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇതെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

അമല്‍ നീരദും ഉണ്ണി ആറും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ അമല്‍ നീരദ് ബിഗ്ബി എന്ന തന്‍റെ ആദ്യ സിനിമ സംവിധാനം ചെയ്തത് 2007ലാണ്. അന്നുമുതല്‍ ഇന്നുവരെ മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷായ സിനിമകളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഒന്നാമനായി ബിഗ്ബിയും അതിലെ നായകന്‍ ബിലാല്‍ ജോണ്‍ കുരിശിങ്കലുമുണ്ടാവും.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍. അധികം ഡയലോഗുകളൊന്നും മമ്മൂട്ടിക്ക് സിനിമയില്‍ ഉണ്ടായിരുന്നില്ലെങ്കിലും കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും സ്റ്റൈലിഷ് പ്രകടനവും ബിലാലിനെ അവിസ്മരണീയമാക്കി.

ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്. ഗോപി സുന്ദറായിരുന്നു ബിജിഎം.

ബിലാല്‍ തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന ഓരോ സിനിമാ പ്രേമിയുയുടെ ആഗ്രഹം തിരിച്ചറിഞ്ഞാണ് അമല്‍ നീരദ് പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഉണ്ണി ആര്‍ തന്നെയായിരിക്കും തിരക്കഥ. അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍വഹിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ