നടി ഭാവന വിവാഹിതയാവുന്നു. നാളെ (ജനുവരി 22) തൃശ്ശൂരിലാണ് വിവാഹം. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിൽവച്ച് ഭാവനയ്ക്ക് കന്നഡ നിർമ്മാതാവായ നവീൻ താലി ചാർത്തും. വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. സിനിമാ, രാഷ്ട്രീയ മേഖലയിൽനിന്നുളളവർക്കായി നാളെ വൈകിട്ട് ലുലു കൺവെൻഷൻ സെന്ററിൽ വിരുന്ന് ഒരുക്കിയിട്ടുണ്ട്.

വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. വിവാഹത്തിനു മുൻപുളള മൈലാഞ്ചിയിടൽ ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ സിനിമാ മേഖലയിലെ രമ്യ നമ്പീശൻ, സയനോര അടക്കമുളള ഭാവനയുടെ വനിതാ സുഹൃത്തുക്കൾ പങ്കെടുത്തു.

വിവാഹിതയാവാൻ പോവുന്ന ഭാവനയ്ക്ക് നിരവധി പേരാണ് ആശംസ നേർന്ന് വിളിക്കുന്നത്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒരു ആശംസ ബോളിവുഡിൽനിന്നും എത്തിയിരിക്കുകയാണ്. ബോളിവുഡ്-ഹോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ് ഭാവനയ്ക്ക് വിവാഹ ആശംസ നേർന്ന് വിഡിയോ സന്ദേശം അയച്ചത്. ”വിവാഹ ജീവിതത്തിൽ ഏല്ലാവിധ ആശംസ നേരുന്നു. ജീവിതത്തിലെ പുതിയ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. നീയൊരു ധീരവനിതയാണ്. ഞാൻ നിന്നെ ഒരുപാട് ബഹുമാനിക്കുന്നു” പ്രിയങ്ക പറഞ്ഞു.

പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ