ചരിത്രനേട്ടം സ്വന്തമാക്കി ബാഹുബലി 2. ആയിരം കോടി ക്ലബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ബഹുമതിയാണ് ബാഹുബലി 2 സ്വന്തം പേരിൽ കുറിച്ചത്. ഇന്ത്യയിൽനിന്നും 800 കോടിയും വിദേശത്തുനിന്നും 200 കോടിയും സ്വന്തമാക്കിയാണ് ഈ അപൂർവനേട്ടം കൈവരിച്ചത്. ട്രേഡ് ട്രാക്കർ രമേശ് ബാലയും ഇക്കാര്യം സ്ഥിരീകരിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എട്ടാം ദിവസത്തിലെ കളക്ഷൻ വിവരങ്ങൾ പുറത്തു വന്നപ്പോൾ ചിത്രം 925 കോടി നേടിയിരുന്നു. ഇന്ത്യയിൽനിന്നും 745 കോടിയും വിദേശത്തുനിന്നും 180 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. വിദേശത്തും ചിത്രം റെക്കോർഡ് കളക്ഷനാണ് നേടിയത്. യുഎസ് ബോക്സ് ഓഫിസിൽ വളരെ പെട്ടെന്നാണ് 100 കോടി നേടിയത്. ഓസ്ട്രേലിയയിലും ചിത്രത്തിന് വൻ വരവേൽപാണ് ലഭിച്ചത്. ഒരു ഇന്ത്യൻ ചിത്രത്തിന് വിദേശത്ത് ഇത്രയധികം വരവേൽപ് ലഭിക്കുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കും.

നേരത്തെ ആമിർ ഖാൻ ചിത്രങ്ങളായ പികെയുടെയും ദംഗലിന്റെയും റെക്കോർഡുകൾ ബാഹുബലി 2 തകർത്തിരുന്നു. പികെ 768 കോടിയും ദംഗൽ 716 കോടിയുമായിരുന്നു ആഗോളമാനം നേടിയത്. ദംഗലിന്റെയും സുൽത്താന്റെയും ആദ്യ ആഴ്ച കളക്ഷൻ റെക്കോർഡുകളും ബാഹുബലി 2 മറികടന്നിരുന്നു. 247 കോടിയാണ് ചിത്രം ആദ്യ ആഴ്ചയിൽ നേടിയത്.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 2 ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി. പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ