മഹിഷ്‌മതിയുടെ കഥ പറഞ്ഞ ബാഹുബലിയുടെ രണ്ടാം ഭാഗം തിയേറ്ററിലെത്താൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. സിനിമാ പ്രേമികളെല്ലാം കാത്തിരിക്കുകയാണ് എസ്.എസ്. രാജമൗലി ഒരുക്കുന്ന ദൃശ്യ വിസ്‌മയത്തിനായി.

തിയേറ്ററിലെത്തുന്നതിന് മുൻപേ റെക്കോർഡുകൾ വാരിക്കൂട്ടിയ ബാഹുബലി വീണ്ടും ഒരു റെക്കോർഡ് കൂട് സ്വന്തമാക്കിയിരിക്കുകയാണ്. 24 മണിക്കൂറുകൾ കൊണ്ട് 10 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചുവെന്ന റെക്കോർഡാണ് ബാഹുബലി ദി കൺക്ളൂഷൻ സ്വന്തമാക്കിയത്. നേരത്തെ ഈ റെക്കോർഡ് ആമിർ ഖാൻ നായകനായെത്തിയ ദംഗലിന്റെ പേരിലായിരുന്നു.

ബുക്ക്മൈഷോ എന്ന ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലൂടെയാണ് ബാഹുബലിയുടെ 10 ലക്ഷം ടിക്കറ്റുകൾ റെക്കോർഡോടെ വിറ്റഴിച്ചത്.

“ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുളള അനുഭവമാണ് ബാഹുബലി 2വിന്റെ ടിക്കറ്റ് വിൽപനയിൽ ബുക്ക്മൈഷോ കാണുന്നത്. എല്ലാ ഭാഷകളിലുമായി 10 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചത്. തെക്കേ ഇന്ത്യയിലെയും വടക്കേ ഇന്ത്യയിലെയും സിനിമാ പ്രേമികളിൽ നിന്നും നല്ല സ്വീകരണമാണ് ബാഹുബലി 2 വിന് ലഭിക്കുന്നത് ” ബുക്ക്മൈഷോ സിഒഒ ആശിഷ് സക്‌സേന പറഞ്ഞു.

2015ലാണ് എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ ആദ്യ ഭാഗം തിയേറ്ററിലെത്തിയത്. കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നുവെന്ന ചോദ്യമുയർത്തിയാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിരശീല വീണത്. അന്ന് തുടങ്ങിയ കാത്തിരിപ്പാണ് ബാഹുബലി ദി കണക്ളൂഷനായി. ഏപ്രിൽ 28നാണ് ബാഹുബലി ദി കൺക്ളൂഷൻ തിയേറ്ററിലെത്തുക. രാജ്യത്താകമാനം 9,000 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

പ്രഭാസ്, സത്യരാജ്, റാണ ദഗുബട്ടി, അനുഷ്‌ക ഷെട്ടി, തമന്ന, മീര കൃഷ്‌ണ എന്നിവരാണ് ബാഹുബലിയിലെ പ്രധാന അഭിനേതാക്കൾ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ നാല് ഭാഷകളിലാണ് ബാഹുബലി ദി കൺക്ളൂഷനിറങ്ങുന്നത്.ഇന്ത്യന്‍ സിനിമയെ തന്നെ മാറ്റിമറിക്കുന്നതാവും ബാഹുബലി രണ്ട്  റിലീസ് എന്ന് സംവിധായകന്‍ രാജമൗലി അവകാശപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ