ബാഹുബലി 2 വിന്റെ അണിയറ പ്രവർത്തകർക്ക് ഇത് ആഹ്ലാദത്തിന്റെ നിമിഷം. ചിത്രം 1500 കോടി ക്ലബിലെത്തി. ആദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ബോക്സ്ഓഫിസിൽ 1500 കോടി കടക്കുന്നത്. ഇന്ത്യയിൽനിന്നും 1227 കോടിയും വിദേശത്തുനിന്നും 275 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാല ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. റിലീസ് ചെയ്ത് 21 ദിവസം കൊണ്ടാണ് 1500 കോടി ക്ലബിൽ ബാഹുബലി 2 എത്തുന്നത്.

Read More: ‘എന്നെ വിശ്വസിച്ചതിന് നന്ദി’; ആരാധകർക്കും രാജമൗലിക്കും പ്രഭാസിന്റെ വികാരനിർഭരമായ കുറിപ്പ്

റിലീസ് ചെയ്ത് ദിവസങ്ങൾക്കുളളിൽതന്നെ കളക്ഷൻ റെക്കോർഡുകളിൽ ബാഹുബലി 2 പുതിയ ചരിത്രം സൃഷ്ടിച്ചിരുന്നു. ആദ്യദിനം 121 കോടി രൂപയാണ് ഇന്ത്യയിൽനിന്നും ചിത്രം വാരിക്കൂട്ടിയത്. ആദ്യ മൂന്നു ദിവസം കൊണ്ട് 540 കോടി രൂപ ചിത്രം നേടിയെടുത്തു. മാത്രമല്ല പല കളക്ഷൻ റെക്കോർഡുകളും ചിത്രം തകർത്തിരുന്നു. ആമിർ ഖാൻ ചിത്രമായ ദംഗലിന്റെയും സൽമാൻ ഖാൻ ചിത്രമായ സുൽത്താന്റെയും ആദ്യ ആഴ്ച കളക്ഷൻ റെക്കോർഡുകളും ബാഹുബലി 2 മറികടന്നിരുന്നു.

Read More: ചരിത്രനേട്ടം സ്വന്തമാക്കി ബാഹുബലി 2; ചിത്രം 1000 കോടി ക്ലബിൽ

പ്രഭാസ്, റാണ ദഗ്ഗുബട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ എസ്.എസ്.രാജമൗലിയാണ് ബാഹുബലി 2 അണിയിച്ചൊരുക്കിയത്. ചിത്രം ഇപ്പോഴും സ്ക്രീനുകളിൽ നിറഞ്ഞോടുകയാണ്. ലോകമെമ്പാടുമായി 9000 സ്ക്രീനുകളിലാണ് ബാഹുബലി 2 പ്രദർശനത്തിനെത്തിയത്. ഇന്ത്യയിൽ മാത്രം 6,500 സ്ക്രീനുകളിൽ ചിത്രം പ്രദർശനത്തിനെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ