75 വയസുളള റിഷി കപൂർ കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിൽ ബിഗ്ബിയെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എന്ന രീതിയിൽ പുറത്തിറങ്ങിയ ചിത്രം വൈറലായിരുന്നു. 102 വയസുളള കഥാപാത്രമായി അമിതാഭ് ബച്ചൻ എത്തുന്ന ‘102 നോട്ട്ഔട്ട്’ എന്ന സിനിമയുടെ ചിത്രമാണ് പുറത്തുവന്നിരുന്നത്.

വൈറലായ ചിത്രം ഔദ്യോഗികമായി പുറത്തു വിട്ടതല്ലെന്നും ലീക്കായ ചിത്രങ്ങളാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും അമിതാഭ് ബച്ചൻ വെളിപ്പെടുത്തി. പകരം ചിത്രത്തിലെ തന്റെ ശരിയായ ലുക്കും ബിഗ് ബി പുറത്തു വിട്ടു.

26 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലെ രണ്ട് പ്രധാന താരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘102 നോട്ട് ഔട്ട്’. അച്ഛനും മകനുമായാണ് റിഷി കപൂറും അമിതാഭ് ബച്ചനും വെളളിത്തിരയിലെത്തുന്നത്. ഇരുവരും ഒരുമിച്ചു നിൽക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. . ഉമേഷ് ശുക്ളയാണ് 102 നോട്ട് ഔട്ട് സംവിധാനം ചെയ്യുന്നത്. സൗമ്യ ജോഷിയുടെ ഇതേ പേരിലുളള​ ഗുജറാത്തി നാടകത്തെ അടിസ്ഥാനമാക്കിയാണ് ഉമേഷ് ശുക്ള ഈ ചിത്രമൊരുക്കുന്നത്.

ഇതിന് മുൻപ് അമർ അക്‌ബർ അന്തോണി, കബി കബി, നസീബ്, കൂലി എന്നീ ചിത്രങ്ങളിൽ അമിതാഭ് ബച്ചനും റിഷി കപൂറും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ