ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും ഉടന്‍ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പുറകെ അനുഷ്‌കയും കുടുംബവും മുംബൈ വിട്ടു. വിവാഹം ഡിസംബര്‍ 12ന് ഇറ്റലിയില്‍ വച്ച് നടക്കുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാര്‍ത്തകള്‍ക്കു പിന്നാലെ വിരാട് കോഹ്‌ലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ അവധിക്ക് അപേക്ഷ നല്‍കിയതും റിപ്പോര്‍ട്ടുകള്‍ക്ക് കൂടുതല്‍ ബലം നല്‍കുകയാണ്.

അനുഷ്കയുടെ പിതാവ് അജയ് കുമാർ ശർമ

മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് അനുഷ്‌കയും പിതാവ് അജയ്കുമാര്‍ ശര്‍മ്മ, മാതാവ് അഷിമ ശര്‍മ്മ, മുതിര്‍ന്ന സഹോദരന്‍ കര്‍ണേഷ് ശര്‍മ്മ എന്നിവര്‍ പാപ്പരാസികളുടെ ക്യാമറ ക്ലിക്കില്‍ കുടുങ്ങുന്നത്.

അനുഷ്കയുടെ മാതാവ് അഷിമ ശർമ

അനുഷ്കയുടെ സഹോദരൻ കർണേഷ് ശർമ

വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന അനുഷ്‌കയും കോഹ്‌ലിയും 2015 ല്‍ പിരിഞ്ഞതായി വാര്‍ത്തകള്‍ വന്നുവെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു. കോഹ്‌ലിയുടെ മോശം ഫോമിനെ തുടര്‍ന്ന് അനുഷ്‌കക്കെതിരെ വിമര്‍ശനങ്ങള്‍ ഉണ്ടായപ്പോള്‍ കോഹ്‌ലി തന്നെ അനുഷ്‌കയ്ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ഒരുമിച്ചുള്ള ഇരുവരുടേയും യാത്രകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുമ്പോവും ആരാധകര്‍ അന്വേഷിച്ചിരുന്നത് വിവാഹക്കാര്യമായിരുന്നു. അതിനൊരുത്തരമായി എന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അനുഷ്‌കയുടെ വിവാഹവസ്ത്രം ഫാഷന്‍ ഡിസൈനറായ സബ്യാസച്ചി മുഖര്‍ജിയാണ് ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. കോഹ്‌ലിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മിലാനിലായിരിക്കും വിവാഹം നടക്കുക. വിവാഹത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളൊന്നും തന്നെ പങ്കെടുത്തേക്കില്ല. ഇവര്‍ക്ക് വേണ്ടി ഇന്ത്യയില്‍ പിന്നീട് സത്കാരം ഒരുക്കും. ഡിസംബര്‍ 21ന് മുംബൈയിലായിരിക്കും സത്കാരം നടക്കുക. വാര്‍ത്തകള്‍ പുറത്തുവന്നതിനുപിന്നാലെ നിഷേധിച്ച് അനുഷ്‌കയുടെ മീഡിയ വക്താവ് രംഗത്തെത്തിയിരുന്നു. എങ്കിലും വിരുഷ്‌ക വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഒട്ടും കുറവ് വന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ