മലയാളികളുടെ എക്കാലെത്തെയും പ്രിയ നായികമാരാണ് അമലയും ലിസിയും.  വിവാഹത്തോടെ സിനിമക്ക് സലാം പറഞ്ഞവരാണ് ഇരുവരും.  ലിസ്സി സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ചപ്പോള്‍ അമല തെലുങ്കിലെ സൂപ്പര്‍ നായകന്‍ നാഗാര്‍ജുന അക്കിനേനിയെ വിവാഹം കഴിച്ചു.   കഴിഞ്ഞ വര്‍ഷം അമല അഭിനയത്തിലേക്ക് തിരിച്ചു വരുകയും ചെയ്തു.  ഇപ്പോളിതാ അമലയുടെ മകനും അഖില്‍ അക്കിനേനിയും ലിസിയുടെ മകളും കല്യാണി പ്രിയദര്‍ശനും ഒന്നിച്ചെത്തുകയാണ് തെലുങ്ക് ചിത്രം ‘ഹലോ’യില്‍.

വിക്രം കെ.കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് നാഗാര്‍ജുന തന്നെയാണ്.  മകന്‍ നായകനായ ചിത്രം നിര്‍മ്മിക്കുന്നതില്‍ സന്തോഷവും ഉത്സാഹവുമുണ്ടെന്നു നാഗാര്‍ജുന സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നീ സിനിമകളിലൂടെ മലയാളിയുടെ പ്രിയനായികയായി മാറിയ അഭിനേത്രിയാണ് അമലാ അക്കിനേനി. വിവാഹം കഴിഞ്ഞ് സിനിമയിൽ നിന്നും വിട്ടു നിന്ന അമല, റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകന്‍ ആന്റണി സോണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന സിനിമയിലൂടെ ആനി ജോൺ തറവാടി എന്ന അഭിഭാഷകയായി രണ്ടു പതിറ്റാണ്ടിനു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തി. 1992ലാണ് നാഗാര്‍ജുന അമലയെ വിവാഹം കഴിക്കുന്നത്. ഇരുവരും ആറ് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

അഖിൽ അക്കിനേനി അമലയുമൊന്നിച്ച് (ചിത്രം: ഫെയ്സ്ബുക്ക്)

കല്യാണിയും ലിസിയും (ചിത്രം: ഫെയ്സ്ബുക്ക്)

എണ്‍പതുകളില്‍ മലയാളസിനിമയിലെ ശാലീനസുന്ദരിയായി തിളങ്ങിയ താരമായിരുന്നു ലിസി. പ്രിയദര്‍ശന്റെ സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന ലിസി സംവിധായകന്റെ ജീവിതത്തിലേക്കും നായികയായി മാറുകയായിരുന്നു. സിനിമയില്‍ നിന്നും തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ശേഷം 24 വര്‍ഷം ഒന്നിച്ച് ജീവിച്ചിരുന്നെങ്കിലും 2014 ല്‍ ഇരുവരും ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം ലിസി സിനിമയിലേക്ക് വരുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും അഭിനയിക്കാന്‍ ഒരുക്കമല്ലെന്നും എന്നാല്‍ സിനിമയുമായി എന്നും ബന്ധം നില നിര്‍ത്തുമെന്നുമായിരുന്നു ലിസിയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ