മെഗാസ്റ്റാർ മമ്മൂട്ടിയെയും മമ്മൂട്ടി ചിത്രം കസബയെയും അതിലെ സംഭാഷണങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് നടി പാർവതി രംഗത്ത്. ആദ്യം പേരെടുത്തു പറയാതെയും പിന്നീട് പേരെടുത്തു പറഞ്ഞുമാണ് മമ്മൂട്ടിയേയും കസബയെയും പാർവതി വിമർശിച്ചത്. ചിത്രത്തിന്റെ പേരും ആദ്യം പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് വേദിയിൽ ഒപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന്റെ നിർദദ്ദേശപ്രകാരമാണ് പാർവതി പേരു പറഞ്ഞത്.

നിർഭാഗ്യവശാൽ എനിക്ക് ആ സിനിമ കാണേണ്ടി വന്നു എന്ന് പറഞ്ഞാണ് പാർവതി ആരംഭിച്ചത്. ചിത്രത്തിലെ വനിതാ പൊലീസിനോട് മമ്മൂക്ക അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്ന ചില വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിച്ചെന്ന് പാർവതി പറഞ്ഞു. ഇത്രയും വലിയൊരു പൊസിഷനിൽ ഇരിക്കുന്ന ഒരു നടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്. ആ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും ബഹുമാനം നിലനിർത്തി തന്നെയാണ് ഞാൻ പറയുന്നതെന്നും പാർവതി തുറന്നടിച്ചു. ഒരു മഹാനടൻ ഒരു സീനിൽ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞു.

‘മറ്റ് പുരുഷന്മാർക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസൻസ് നൽകലാണ്. ഇതെല്ലാം സെക്സിയും കൂളുമാണെന്ന് അവർ ധരിക്കുന്നു. അതൊരു പക്ഷം, അതിനെക്കുറിച്ച് നമ്മൾ ഒരുപാട് സംസാരിച്ചു. ഇനിയും സംസാരിച്ചുകൊണ്ടേയിരിക്കും. കാരണം ഇതുപോലുള്ള നായകത്വം നമുക്ക് വേണ്ട. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് നമുക്ക് അറിയാം. നമ്മുടെ സഹപ്രവർത്തകരായ അഭിനേതാക്കളിലും സംവിധായകരിലും ഭൂരിഭാഗം പേരും വനിതാ കൂട്ടായ്മയെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇവരെല്ലാം ഇക്കാര്യം നമ്മളുമായി ചർച്ച ചെയ്യാൻ ഒരുക്കമായിരുന്നു. അതൊക്കെ വളരെ പോസറ്റീവായിരുന്നു’ പാർവതി പറയുന്നു.

രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പൺ ഫോറമിൽ സംസാരിക്കുകയായിരുന്നു പാർവതി. രഞ്ജി പണിക്കരുടെ മകൻ നിധിൻ രഞ്ജി പണിക്കർ ആദ്യമായി സംവിധാനം ചെയ്ത ‘കസബ’ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചി‌രുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ