മുംബൈ: കായിക താരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ വന്ന ചിത്രങ്ങള്‍ എക്കാലത്തും വന്‍ ഹിറ്റുകളായിരുന്നു. ഭാഗ് മില്‍ക്കാ ഭാഗ്, മേരി കോം, എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, ദംഗല്‍, സച്ചില്‍ എ ബില്യണ്‍ ഡ്രീംസ് എന്നിവയൊക്കെ അവയില്‍ ചിലതാണ്.

എന്നാല്‍ ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തി താരം ദലിപ് സിംഗ് റാണ് എന്ന ഗ്രേറ്റ് ഖാലിയുടെ ജീവിതം സിനിമയാകുന്നു എന്നതാണ് ബോളിവുഡില്‍ നിന്നുളള പുതിയ വാര്‍ത്ത. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഇതിനകം ഒരു ബോളിവുഡ് താരത്തെ സമീപിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാലിയായി വെളളിത്തിരയില്‍ എത്തുന്നത് മറ്റാരുമല്ല, ധോണിയെ ബോളിവുഡില്‍ അവതരിപ്പിച്ച സുശാന്ത് സിംഗ് രാജ്പുത് ആണ് ഖാലിയായി എത്തുക എന്നാണ് വിവരം.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഖാലിയുടെ ജീവിതം ആസ്പദമാക്കി ചിത്രമെടുക്കാന്‍ ഖാലിയോട് സമ്മതം വാങ്ങിയതായും റിപ്പോര്‍ട്ടിലുണ്ട്. സുശാന്ത് തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ സമീപിച്ച് ഖാലിയാവാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. “വിരമിച്ച പ്രൊഫഷണല്‍ ഗുസ്തി- ഡബ്ല്യു ഡബ്ല്യു ഇ താരം, അഭിനേതാവ് എന്ന നിലയിലുളള ഖാലിയുടെ കായികവശങ്ങളെ കുറിച്ച് മാത്രമാണ് ജനങ്ങള്‍ക്ക് അറിയാവുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതവിജയത്തിന് പിന്നില്‍ ആരും പറയാത്ത ചില കഥകളുണ്ട്. പഞ്ചാബ് പൊലീസില്‍ ഉദ്യേഗസ്ഥനായിരുന്ന ഖാലിയുടെ കഷ്ടതകള്‍ അധികം ആര്‍ക്കും അറിയില്ല. ചിത്രം ഖാലിയുടെ ജീവിതയാത്രയുടെ കഥയാണ് വിവരിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വെളളിത്തിരയില്‍ ധോണിയെ അവിസ്മരണീയമാക്കിയ താരമാണ് സുശാന്ത് സിംഗ്. അത് കൊണ്ട് തന്നെയാണ് നിര്‍മ്മാതാക്കള്‍ സുശാന്തിനെ തെരഞ്ഞെടുത്തതെന്നും വിവരമുണ്ട്. ശരീരശാസ്ത്രപരമായി ഖാലിയുമായി യാതൊരു സാമ്യവും ഇല്ലാത്ത സുശാന്ത് എങ്ങനെ കതാപാത്രത്തെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ