എസ്.എസ്.രാജമൗലിയുടെ ബാഹുബലി 2 വമ്പൻ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ബാഹുബലി 2 കഴിഞ്ഞാൽ പുരാണ കഥയായ മഹാഭാരതത്തിനെ ആസ്പദമാക്കിയാവും അടുത്ത ചിത്രമെന്ന് രാജമൗലി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ അമിതാഭ് ബച്ചൻ, മോഹൻലാൽ, ആമിർ ഖാൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആമിർ ഖാന്റെ സാന്നിധ്യത്തെക്കുറിച്ച് രാജമൗലി തന്നെ വ്യക്തമാക്കി.

‘ബോളിവുഡ് ലൈഫി’നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആമിർ ഖാൻ ചിത്രത്തിൽ പങ്കാളിയായേക്കുമെന്ന് രാജമൗലി സൂചന നൽകിയത്. നേരത്തെ കൃഷ്ണനായി അഭിനയിക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് ആമിർ ഖാൻ പരസ്യമായി പറഞ്ഞിരുന്നു.

”മഹാഭാരതം ചെയ്യുമെന്ന് ഞാൻ ഇതിനു മുൻപും പറഞ്ഞിട്ടുണ്ട്. പക്ഷേ ബാഹുബലിക്ക് ശേഷം ഉടനെ ഉണ്ടാവില്ല. മഹാഭാരതം പോലൊരു വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിന് ഒരുപാട് സമയം വേണ്ടിവരും. കുറച്ചുനാളുകൾക്കു മുൻപ് ആമിറിനെ കണ്ടിരുന്നു. മഹാഭാരതത്തെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. ഈ സിനിമ ചെയ്യുന്നതിനോട് ആമിറിന് വലിയ താൽപര്യമുണ്ട്. എന്നാൽ ഞാൻ പറഞ്ഞില്ലേ, ഞാൻ ഇപ്പോൾ ബാഹുബലിയെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മഹാഭാരതം എന്തായാലും ഇതിനുശേഷമേയുളളൂ”- അഭിമുഖത്തിൽ രാജമൗലി വ്യക്തമാക്കി.

2018 അവസാനത്തോടെ മഹാഭാരതത്തിന്റെ ഷൂട്ടിങ് തുടങ്ങിയേക്കുമെന്നാണ് സൂചന. 400 കോടി രൂപ ബജറ്റിൽ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ